എം.ഡി.എം.എയുമായി മുടപുരം സ്വദേശി പിടിയിൽ

May 15, 2023

seena

പോത്തൻകോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്പനയ്ക്കായി കൊണ്ടുവന്ന മുടപുരം സ്വദേശി പിടിയിൽ. മുബാറക് എന്ന നൗഷാദ്(50) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കഴക്കൂട്ടം എക്സസൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. സുധീഷ് കൃഷ്ണയുടെ നേതൃത്വത്തിൽ മുരുക്കുംപുഴ കോഴിമട ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

സിന്തറ്റിക് ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നായ എം.ഡി.എം.എ 8.45 ഗ്രാം ഇയാളിൽ നിന്നും പിടിച്ചെടുത്തു. പകൽ ആക്രി വ്യാപാരം നടത്തുന്ന ഇയാൾ ഓട്ടോറിക്ഷ ഡ്രൈവർ കൂടിയാണ്. ആക്രി വ്യാപാരത്തിന്റെ മറവിൽ ഇയാൾ വ്യാപകമായി ചെറുപ്പക്കാർക്ക് മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്നു. എക്സൈസിന്റെ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ അന്വേഷണ ഏജൻസികൾ ഏറെനാളായി ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു.

കഴക്കൂട്ടം മേഖലയിലെ ചെറുപ്പക്കാർക്കിടയിൽ വില്പന നടത്തുന്നതിനായി ഓട്ടോറിക്ഷ ഡ്രൈവർ എന്ന വ്യാജേന മയക്കുമരുന്നുമായി എത്തിയപ്പോഴാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. എം.ഡി.എം.എ വില്പന നടത്തി കിട്ടിയ 21,000 രൂപയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

cake tower new
LATEST NEWS