മെമു ട്രെയിനില്‍ വാ മൂടിക്കെട്ടി പ്രതിഷേധം; യാത്രക്കാര്‍ക്കൊപ്പം എ എം ആരിഫ് എംപിയും

Nov 20, 2023

ആലപ്പുഴ: റെയില്‍വേ നിലപാടുകളില്‍ പ്രതിഷേധിച്ച് എറണാകുളം മെമുവില്‍ വാ മൂടിക്കെട്ടി സമരം. ജില്ലയിലെ യാത്രാക്ലേശം നേരിട്ടറിയാന്‍ എ എം ആരിഫ് എംപി എറണാകുളം മെമു ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു. ആലപ്പുഴ വഴിയുള്ള യാത്രക്കാരോടുള്ള അവഗണനയ്ക്കും തുടര്‍ച്ചയായി ആവശ്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന റെയില്‍വേ നിലപാടുകള്‍ക്കും എതിരെയാണ് യാത്ര.

അനിയന്ത്രിതമായ മെമുവിലെ തിരക്കും വന്ദേഭാരത് മൂലം പിടിച്ചിടുന്ന ട്രെയിനുകളിലെ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതവും അനിശ്ചിതാവസ്ഥയിലായ ഇരട്ടപ്പാതയുമടക്കം നിരവധി പ്രശ്‌നങ്ങള്‍ തീരദേശപാതയെ അലട്ടുന്നുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു നില്‍ക്കുന്ന റെയില്‍വേയുടെ സമീപനങ്ങളാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.

കായംകുളം പാസഞ്ചര്‍ വന്ദേഭാരത് മൂലം കുമ്പളത്ത് പിടിച്ചിടുകയും തുടര്‍ച്ചയായി വൈകുകയും ചെയ്തപ്പോള്‍ വന്ദേഭാരതിന്റെ സമയം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച യാത്രക്കാരെ കൂടുതല്‍ നിരാശരാക്കുന്ന നിലപാടാണ് റെയില്‍വേ സ്വീകരിച്ചത്. വന്ദേഭാരത് മൂലം ട്രെയിനുകള്‍ വൈകുന്നില്ലെന്ന് പ്രസ്താവന ഇറക്കിയ റെയില്‍വേ കായംകുളം പാസഞ്ചറിന്റെ വൈകിയോടിക്കൊണ്ടിരുന്ന സമയക്രമം സ്ഥിരപ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങളായി മെമുവിലെ യാത്രക്കാര്‍ നേരിടുന്ന ദുരിതം പരിഹരിക്കാന്‍ റെയില്‍വേ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

ഏറനാടിന് ശേഷം രണ്ട് മണിക്കൂര്‍ ഇടവേളയിലാണ് ഇപ്പോള്‍ കായംകുളം എക്‌സ്പ്രസ്സ് സര്‍വീസ് നടത്തുന്നത്. വൈകുന്നേരത്തെ തിരക്ക് വര്‍ദ്ധിക്കുന്നതിന് ഇതൊരു പ്രധാന കാരണമായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വന്ദേഭാരതിന് വേണ്ടി മാറ്റിക്രമീകരിച്ച വൈകുന്നേരത്തെ കായംകുളം പാസഞ്ചറിന്റെ പഴയ സമയക്രമമായ ആറുമണിയിലേയ്ക്ക് തന്നെ ആത്യന്തികമായി പുനഃസ്ഥാപിക്കണമെന്നും യാത്രാക്ലേശം പരിഹരിക്കുന്നതിന് രാവിലെയും വൈകുന്നേരവും ഒരു മെമു സര്‍വീസ് കൂടി പരിഗണിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

LATEST NEWS
നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...