ഡല്‍ഹി: സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ ഹാനികരമായ ഉള്ളടക്കങ്ങള്‍ തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെ, കുട്ടികളുടെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടതും മറ്റ് സുരക്ഷാ സംബന്ധമായതുമായ കേസുകള്‍ ഇനി മുതല്‍ നിയമപാലകരെ അറിയിക്കാമെന്ന് മെറ്റ സമ്മതിച്ചു. ഐടി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനും കുട്ടികളുടെ സുരക്ഷ അടിസ്ഥാന തത്വമാണെന്നും, ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ദോഷകരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്താനും നീക്കം ചെയ്യാനും മുന്‍കൈയെടുക്കാത്ത പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് മെറ്റയുടെ ഈ തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
കുട്ടികള്‍ക്ക് പ്ലാറ്റ്ഫോമുകള്‍ സുരക്ഷിതമാക്കുന്നതിനുള്ള ആദ്യ പടിയാണിത്, എന്നാല്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അത്തരം ഉള്ളടക്കങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി നീക്കം ചെയ്യുന്നതിനായി മറ്റ് പ്ലാറ്റ്ഫോമുകളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ കുട്ടികളെ ബാധിക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങളുടെ വ്യാപനം തടയാന്‍ ഓണ്‍ലൈന്‍ ഇടനിലക്കാര്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ഇതിനിടയില്‍, കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സമന്‍സ് അയച്ചതിനെ തുടര്‍ന്ന് മെറ്റ പ്രതിനിധികള്‍ ഈ മാസം 9ന് കമ്മീഷന്‍ ഓഫിസില്‍ ഹാജരായികുന്നു. മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളില്‍ വന്നുവെന്ന് ആരോപിക്കപ്പെടുന്ന പരസ്യങ്ങളെക്കുറിച്ചുള്ള ബിബിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും മെറ്റ പ്ലാറ്റ്ഫോംസിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. നോട്ടീസ് നല്‍കി ഒരാഴ്ചയ്ക്കകം മെറ്റ കമ്മീഷന് മറുപടി സമര്‍പ്പിക്കുകയും ചെയ്തു.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ പണം നല്‍കി നല്‍കുന്ന പരസ്യങ്ങള്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ, പോക്‌സോ നിയമപ്രകാരമുള്ള നിര്‍ബന്ധിത റിപ്പോര്‍ട്ടിങ് ബാധ്യതകള്‍ സാങ്കേതിക കമ്പനിയും മറ്റ് ബന്ധപ്പെട്ടവരും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.



















