മെട്രോ നിയമങ്ങൾ കർശനമാക്കി ദുബൈ; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 2,000 ദിർഹം വരെ പിഴ

Aug 4, 2025

ദുബൈ: മെട്രോ നിയമങ്ങൾ പാലിക്കാതെ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ). നിയമങ്ങൾ ലംഘിക്കുന്നവർക്ക് 100 മുതൽ 2,000 ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. വൃത്തിയുള്ളതും സുരക്ഷിതവുമായ പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ആണ് കർശന നടപടികൾ സ്വീകരിക്കുന്നത്. മികച്ച യാത്രാനുഭവം ജനങ്ങൾക്ക് ലഭിക്കുന്നതിനായി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

മെട്രോ നിയമങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് അധികൃതർ നിയമങ്ങളും,പിഴത്തുകകളും വീണ്ടും ഓർമ്മപ്പെടുത്തിയത്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് ടിക്കറ്റുമായി ബന്ധപ്പെട്ടാണ്. യാത്രക്കൂലി നൽകാതെ മെട്രോയിൽ യാത്ര ചെയ്യുക,വ്യാജ യാത്രാ കാർഡ് ഉപയോഗിക്കുക, ടിക്കറ്റില്ലാതെ ഗേറ്റ് കടക്കാൻ ശ്രമിക്കുക തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്.

പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകളുടെ സമീപത്ത് സൗജന്യ പാർക്കിങ്ങിനുള്ള സൗകര്യം അധികൃതർ ഒരുക്കിയിരുന്നു. മെട്രോയിൽ യാത്ര ചെയുന്നവർക്ക് മാത്രമാണ് ഇവിടെ പാർക്കിങ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഈ സ്ഥലം പലരും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

LATEST NEWS