മെക്സിക്കൻ വനിതാ ഡിജെയെ പലവട്ടം പീഡിപ്പിച്ചു; മുംബൈയിൽ ഇവന്റ് മാനേജർ അറസ്റ്റിൽ

Dec 2, 2023

മുംബൈയിൽ മെക്സിക്കൻ വനിതാ ഡിജെയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. 31 കാരിയായ യുവതിയുടെ പരാതിയിൽ 35 കാരനായ ഇവന്റ് മാനേജരെയാണ് ബാന്ദ്ര പോലീസ് പിടികൂടിയത്. നവംബർ 25 നാണ് യുവതി പരാതി നൽകിയത്.

2017ൽ ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതിയുമായി സൗഹൃദത്തിലായതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. ഓൺലൈനിൽ ചാറ്റ് ചെയ്യാൻ തുടങ്ങിയ ഇരുവരും പിന്നീട് കണ്ടുമുട്ടി. ഡിജെ പരിപാടികളും ഓൺലൈൻ പാർട്ടികളും സംഘടിപ്പിക്കുന്ന സ്ഥാപനമാണ് പ്രതി നടത്തിയിരുന്നത്. സൗഹൃദത്തിൻ്റെ പേരിൽ പ്രതി തന്റെ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തു. താനത് സ്വീകരിച്ചതായും യുവതി പരാതിയിൽ പറയുന്നു.

ജോലിയുടെ ഭാഗമായി പ്രതിയോടൊപ്പം രാജ്യത്തുടനീളം സഞ്ചരിക്കേണ്ടി വന്നു. 2018ൽ തങ്ങൾ പ്രണയത്തിലായി. 2019ൽ ബാന്ദ്രയിലെ യുവാവിന്റെ വീട്ടിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. അതേ വർഷം തന്നെ ബംഗളൂരുവിലെ ഒരു ഹോട്ടലിൽ വച്ച് ഓറൽ സെക്സ് ചെയ്യാൻ നിർബന്ധിച്ചു. വഴങ്ങിയില്ലെങ്കിൽ കമ്പനിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ചണ്ഡീഗഡിലെയും കൊൽക്കത്തയിലെയും ഹോട്ടലുകളിൽ പീഡിപ്പിക്കപ്പെട്ടതായി യുവതി പരാതിയിൽ പറയുന്നു.

2020-ൽ മറ്റൊരു സ്ത്രീയുമായി പ്രതിയുടെ വിവാഹം കഴിഞ്ഞു. പിന്നീട് പരാതിക്കാരി ഇയാളെ കാണുന്നത് നിർത്തി. യുവതി ജോലിയിൽ തുടർന്നതായും എഫ്‌ഐആറിൽ പറയുന്നു. എന്നാൽ വിവാഹത്തിന് ശേഷവും ശാരീരിക ബന്ധത്തിന് പ്രതി നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി.

2022ൽ ബെൽജിയൻ ഹോട്ടലിൽ വച്ച് തന്നെ വീണ്ടും പീഡിപ്പിച്ചു. അതേവർഷം ഇയാൾ അശ്ലീലചിത്രങ്ങൾ അയച്ചുനൽകി. പിന്നീട് ജോലിയിൽ നിന്ന് പുറത്താക്കിയെന്നും യുവതി ആരോപിച്ചു.

LATEST NEWS