കൊച്ചി: കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് ഗായകൻ എംജി ശ്രീകുമാർ അല്ലെന്ന് മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിഎസ് അക്ബർ. ഗായകൻ വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കാരി മാങ്ങ ഭക്ഷിച്ച ശേഷം ബാക്കി കടലാസിൽ പൊതിഞ്ഞ് കായലിലേക്ക് എറിയുകയായിരുന്നുവെന്ന് പഞ്ചായത്ത് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
നോട്ടീസ് നൽകിയതോടെ തർക്കം ഉന്നയിക്കാതെ ഗായകൻ പിഴയൊടുക്കുകയായിരുന്നു. അതേസമയം കായലിലേക്ക് ജോലിക്കാരിയാണ് ചീഞ്ഞ മാങ്ങയുടെ അവശിഷ്ടം വലിച്ചെറിഞ്ഞതെന്ന് എംജി ശ്രീകുമാറും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. “ഞാൻ അന്ന് വീട്ടിൽ ഇല്ലായിരുന്നു. കായൽ തീരത്ത് ഒരു മാവ് നിൽപ്പുണ്ട്. അതിൽ നിന്ന് ഒരു മാങ്ങാ പഴുത്തത് നിലത്ത് വീണ് ചിതറി.
അതിന്റെ മാങ്ങാണ്ടി പേപ്പറിൽ പൊതിഞ്ഞ് ജോലിക്കാരി വെള്ളത്തിലേക്ക് എറിഞ്ഞതാണ്. അത് തെളിയിക്കാനും ഞാൻ തയ്യാറാണ്. പക്ഷേ അങ്ങനെ ചെയ്തത് തെറ്റാണ്. സത്യത്തിൽ അവരത് അറിയാതെ ചെയ്തതാണെന്നും” എംജി ശ്രീകുമാർ പ്രതികരിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് മാലിന്യം കായലിലേക്ക് എറിയുന്നത് ഒരു വിനോദ സഞ്ചാരി വിഡിയോയിൽ പകർത്തി മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മുളവുകാട് പഞ്ചായത്ത് അധികൃതർ അദ്ദേഹത്തിന് 25,000 രൂപ പിഴ ചുമത്തുകയായിരുന്നു.