മിഹിറിന്റെ ആത്മഹത്യ; റാഗിങ് നടന്നോ?, ഒരു മാസമായിട്ടും എങ്ങുമെത്താതെ അന്വേഷണം

Feb 19, 2025

കൊച്ചി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ തൃപ്പുണിത്തുറയിലെ ഫ്‌ളാറ്റിന്റെ 26ാം നിലയില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ഒരു മാസമായിട്ടും അന്വേഷണം ഇഴഞ്ഞു തന്നെ. തിരുവാണിയൂരിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ കടുത്ത റാഗിങും പീഡനവും ആരോപിച്ച് കുട്ടിയുടെ അമ്മ രജ്‌ന പി എം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇതുവരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അന്വേഷണത്തെക്കുറിച്ച് പരാതിയില്ലെന്നും സാധ്യമായ എല്ലാ വശങ്ങളും പരിശോധിച്ച് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുട്ടിയുടെ അമ്മാവന്‍ ഷെരീഫ് പറഞ്ഞു. എന്നാല്‍ റാഗിങ് നടന്നുവെന്ന കാര്യം അംഗീകരിക്കുകയോ നടപടിയെടുക്കുകയോ സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മിഹിറിന്റെ അമ്മ മാനസികമായി വളരെ തകര്‍ന്ന നിലയിലാണെന്നും അമ്മാവന്‍ പറഞ്ഞു.

അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നതെന്ന് മിഹിറിന്റെ പിതാവ് ഷഫീഖ് മാടമ്പാട്ട് പ്രതികരിച്ചു. മിഹിറിന്റെ ലാപ്‌ടോപുകള്‍, ടാബ്‌ലറ്റുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുക്കുകയും ചാറ്റുകള്‍ വീണ്ടെടുക്കുകയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുകയും ചെയ്യണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും പൊലീസ് അതില്‍ വിമുഖത കാണിക്കുന്നുവെന്നാണ് പിതാവ് പറയുന്നത്. പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും റാഗിങ് ആരോപണത്തെക്കുറിച്ച് ഇതുവരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആരോപണ വിധേയരായ വിദ്യാര്‍ഥികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റാഗിങ് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും പൊലീസ് പറയുന്നു.

പുത്തന്‍കുരിശ് പൊലീസ് ആണ് അമ്മയുടെ പരാതിയില്‍ അന്വേഷണം നടത്തുന്നത്. ഹില്‍ പാലസ് പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്നത്. കേസ് രണ്ടും രണ്ട് സ്റ്റേഷനില്‍ നടക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പിതാവ് പറയുന്നു.

അതേസമയം നടപടിയെടുക്കാന്‍ പരാജയപ്പെട്ടുവെന്ന മിഹിറിന്റെ രക്ഷിതാക്കളുടെ ആരോപണം ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ നിഷേധിച്ചു. ഇതിലുള്‍പ്പെട്ട കുട്ടികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അസ്വാഭാവിക മരണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.

LATEST NEWS
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍...