തിരുവനന്തപുരം: ഫ്‌ലാറ്റില്‍ നിന്നും ചാടി ജീവനൊടുക്കിയ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി മിഹിറിന്റെ അനുഭവം മറ്റ് വിദ്യാര്‍ഥികള്‍ക്കും ഉണ്ടായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. ഈ സ്‌കൂളിനെതിരെ നിരവധി രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഇതുവരെ എന്‍ഒസി സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിലെ പ്രവേശനത്തിനായി പരീക്ഷയും അഭിമുഖവും അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
‘ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ കുട്ടികള്‍ ക്രൂരമായ റാഗിങ് നേരിടേണ്ടിവന്നെന്ന് പറഞ്ഞ് നിരവധി മാതാപിതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. തന്റെ മകന് ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ വച്ച് ക്രൂരമായി പീഡനങ്ങള്‍ നേരിടേണ്ടി വന്നതായും അവനെ ആത്മഹത്യയുടെ വക്കിലെത്തിച്ചതായും പരാതി സ്‌കൂള്‍ അധികൃതര്‍ അവഗണിച്ചതിനാല്‍ ടിസി വാങ്ങി മറ്റ് സ്‌കൂളിലേക്ക് ചേര്‍ത്തതായും ഒരു പിതാവ് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല സിബിഎസ്ഇ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും അവയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ എന്‍ഒസി നിര്‍ബന്ധമാണ്. ഈ സ്‌കൂളിനോട് എന്‍ഒസി അടിയന്തരമായി സമര്‍പ്പിക്കാന്‍ സ്‌കൂള്‍ അധികൃതരടോടും വിദ്യാഭ്യാസ ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ നടത്താനുള്ള എന്‍ഒസി ഇതുവരെ ഇവര്‍ ഹാജരാക്കിയിട്ടില്ല. അത് വാങ്ങേണ്ട ഉത്തരവാദിത്തം അതത് ഡിഇഒമാര്‍ക്കാണ്. അവര്‍ അടുത്ത അക്കാദമിക വര്‍ഷത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട്് നല്‍കണം. കുട്ടി ആത്മഹത്യ ചെയ്ത സംഭവം വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഈ വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി ത്വരിത ഗതിയില്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.
ഒന്നാം ക്ലാസ് പ്രവേശനത്തനായി പരീക്ഷയും ഇന്റര്‍വ്യൂ നടത്തുന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രക്ഷിതാക്കളെയും ഇന്റര്‍വ്യൂ ചെയ്യുന്നു. ഇത് ഒരുതരത്തിലുള്ള ബാലപീഡനമാണ്. ഇത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസ കച്ചവടം അംഗീകരിക്കാനാകില്ല.
പാതിവില തട്ടിപ്പുകേസിലെ അനന്തുകൃഷ്ണനെ ഉദ്ഘാടന പരിപാടിയില്‍ കണ്ട പരിചയം മാത്രമാണ് ഉള്ളത്. സായി ഗ്രാമം ചെയര്‍മാന്‍ ആനന്ദകുമാര്‍ ക്ഷണിച്ചിട്ടാണ് പരിപാടിക്ക് പോയത്. അനന്തു കൃഷ്ണനുമായി മറ്റ് ബന്ധങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ തന്നെ നിലവില്‍ ചില എന്‍ജിഒകള്‍ നടത്തുന്ന തട്ടിപ്പുകളും താന്‍ ചൂണ്ടിക്കാട്ടിയിരുന്നതായി ശിവന്‍കുട്ടി പറഞ്ഞു.