കൊച്ചി: മിസ് കേരള മത്സര വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം വൈറ്റില സ്വദേശിനി മേഘ ആന്റണി 2024 ലെ മിസ് കേരള കിരീടം ചൂടി. കോട്ടയം സ്വദേശിനി എൻ അരുന്ധതി ഫസ്റ്റ് റണ്ണറപ്പും തൃശൂർ കൊരട്ടി സ്വദേശിനി ഏയ്ഞ്ചൽ ബെന്നി സെക്കന്റ് റണ്ണറപ്പുമായി. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിരുദ വിദ്യാർഥിനിയാണ് മേഘ ആന്റണി.
വിവിധ ഘട്ടങ്ങളിലെ മത്സരങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24-ാമത് പതിപ്പിന്റെ അവസാനഘട്ട മത്സരത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വച്ചായിരുന്നു ഫൈനൽ മത്സരം. മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിബുൾ സ്മൈൽ എന്നീ സ്ഥാനങ്ങളിലേക്ക് റോസ്മി ഷാജിയും മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നിയെയും തിരഞ്ഞെടുത്തു.
അദ്രിക സഞ്ജീവ് ആണ് മിസ് ടാലന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായാണു ‘മിസ് കേരള 2024’ ഫൈനൽ. മിസ് ബ്യൂട്ടിഫുൾ സ്കിനായി അമ്മു ഇന്ദു അരുൺ, മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുൾ ഹെയർ എന്നിവയിൽ സാനിയ ഫാത്തിമ എന്നിവരെയും തിരഞ്ഞെടുത്തു. ഡിസംബർ ആദ്യ വാരം തുടങ്ങിയ വിവിധ ഓഡിഷനുകളിൽ 300ലധികം മത്സരാർഥികൾ പങ്കെടുത്തിരുന്നു.