മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ 7.29 ന് തുറന്ന് 534 ഘന അടി വെള്ളമാണ് ഒഴുക്കിവിടുന്നതെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ.രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനു സാക്ഷ്യം വഹിച്ച ശേഷം തേക്കടിയില്‍ തിരികെ എത്തി മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.ആവശ്യമെങ്കില്‍ ഇനിയും ഷട്ടര്‍ ഉയര്‍ത്തുന്നതിനു ധാരണയായിട്ടുണ്ട്. കരുതല്‍ എന്ന നിലയില്‍ ഇടുക്കിയില്‍ നിന്ന് 100 കുമെക്‌സ് ജലം തുറന്നു വിടാനുള്ള അനുമതിയുണ്ട്.
സ്ഥിതിഗതികള്‍ ശരിയായ വിധത്തില്‍ ഇരു സംസ്ഥാനങ്ങളും മനസ്സിലാക്കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു. റവന്യുമന്ത്രി തിരുവനന്തപുരത്ത് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതായും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ‘റൂള്‍ കര്‍വ് അനുസരിച്ച് ഷട്ടര്‍ ഉയര്‍ത്തുന്നതിന് മാനദണ്ഡം നിര്‍ണയിച്ചിട്ടുണ്ട്. നീരൊഴുക്ക് കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ കടുത്ത ജാഗ്രതയുണ്ടാകണം. മുല്ലപ്പെരിയാര്‍ സ്ഥിതിവിശേഷം കൃത്യമായി കൈമാറാനുള്ള ധാരണ ഇരു സംസ്ഥാനങ്ങളുമായുണ്ടായി. ഡാമില്‍ നിന്നു പോകുന്ന വെള്ളം സുഗമമായി ഒഴുക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് റവന്യു മന്ത്രി കെ.രാജനും പറഞ്ഞു.