ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികളുടെ നിരക്ക് താങ്ങാനാവുന്നില്ല; അടിയന്തര ഇടപെടല്‍ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Mar 6, 2026

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ കുറവ് മൂലം ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ അവിടെ കുടുങ്ങിക്കിടക്കുന്ന സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്ന അമിതമായ ടിക്കറ്റ് നിരക്ക് സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാനാവുന്നതിലപ്പുറമാണ്. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനും മുന്‍ഗണനാ അടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു.

രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ എന്നിവരെ മുന്‍ഗണനാ ക്രമത്തില്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ മിഷനുകള്‍ വഴി പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. കൂടാതെ, ദുബായ്, അബുദാബി തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ലഗേജോ താമസസൗകര്യമോ ഇല്ലാതെ പാതിവഴിയില്‍ കുടുങ്ങിപ്പോയ യാത്രക്കാരുടെ അവസ്ഥയും കത്തില്‍ പ്രത്യേകം സൂചിപ്പിച്ചു. ഇവര്‍ക്കായി പ്രത്യേക ഹെല്‍പ്പ് ലൈന്‍ ആരംഭിക്കണമെന്നും സന്ദര്‍ശക വിസയിലുള്ളവരുടെ മടക്കയാത്ര ഏകോപിപ്പിക്കണമെന്നും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിദേശത്ത് പ്രയാസമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ദ്രുതഗതിയിലുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

cake tower new
LATEST NEWS