‘താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും’

Oct 7, 2026

seena

ഡല്‍ഹി: തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണസാരഥ്യത്തില്‍ 25 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘2001 ഒക്ടോബര്‍ 7-ന് ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇങ്ങനെയൊരു നാഴികകല്ല് പിന്നിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇന്ന്, ഭരണസാരഥ്യത്തില്‍ ഞാന്‍ തുടര്‍ച്ചയായ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കുന്നു. ജനങ്ങളുടെ നിരന്തരമായ അനുഗ്രഹം കൊണ്ടാണ് ഇത് സാധ്യമായത്. രാജ്യത്തെ ജനങ്ങള്‍ക്കും ബിജെപിക്കും എന്‍ഡിഎയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു.

സേവ തന്നെയാണ് ധര്‍മം എന്നുപറഞ്ഞ നരേന്ദ്രമോദി; അധികാരമോഹമല്ല, മറിച്ച് ഒരു ദൗത്യത്തിനായാണ് താന്‍ ജീവിക്കുന്നതെന്ന് പറഞ്ഞു. തന്റെ കുട്ടിക്കാലം അനുസ്മരിച്ച മോദി സ്‌കൂളില്‍ ആദ്യമെത്തുന്ന വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു താന്‍ എന്നു പറഞ്ഞു. ‘ഗുരുനാഥന്‍മാര്‍ പലകാര്യങ്ങളും ഞങ്ങളെ പഠിപ്പിച്ചിരുന്നു. ക്ലാസില്‍ ഏറ്റവും ആദ്യം എത്തുന്ന കുട്ടികളില്‍ എന്റെ പേര് എപ്പോഴും ഉണ്ടാകുമായിരുന്നു. പഠിക്കാനുള്ള ആഗ്രഹം എന്റെ ജീവിതത്തിന്റെ ഭാഗമായി, ഇന്നും എന്നെ ഒരു വിദ്യാര്‍ഥിയായിട്ടാണ് ഞാന്‍ കാണുന്നത്. ദിവസവും എന്തെങ്കിലും പുതിയ കാര്യം പഠിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.

തന്നെ എന്തെങ്കിലും പഠിപ്പിച്ച ഓരോ വ്യക്തിയോടും ഓരോ അനുഭവത്തോടും എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് മോദി പറഞ്ഞു. ‘എന്നെ പഠിപ്പിച്ചവര്‍ എനിക്ക് വിനയമാണ് പകര്‍ന്നുതന്നത്. എന്നെ താഴെയിറക്കാന്‍ ശ്രമിച്ചവര്‍ വീണ്ടും എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന് എന്നെ പഠിപ്പിച്ചു. എന്നെ പിന്തുണച്ചവര്‍ എനിക്ക് ധൈര്യം തന്നപ്പോള്‍, വിമര്‍ശകര്‍ ആത്മപരിശോധന നടത്താന്‍ പഠിപ്പിച്ചു. എന്നോടൊപ്പം നിന്നവര്‍ വിശ്വാസത്തിന്റെ ശക്തി എനിക്ക് കാണിച്ചുതന്നു,’ മോദി പറഞ്ഞു.

‘ഓരോ പ്രതിസന്ധിയും എന്റെ സഹനശക്തി പരീക്ഷിക്കാനുള്ള അവസരമായി, ഓരോ വിജയവും എന്റെ ഉത്തരവാദിത്തം വര്‍ധിപ്പിച്ചു, ഓരോ നേട്ടവും വലിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറാനുള്ള ധൈര്യവും ദൃഢനിശ്ചയവും എനിക്ക് നല്‍കി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2001-ലെ ഭൂജിലെ ഭൂകമ്പത്തില്‍ പുനര്‍നിര്‍മാണം എങ്ങനെയായിരിക്കണമെന്ന് താന്‍ പഠിച്ചു; പരാജയങ്ങളില്‍ നിന്ന് എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന് ചന്ദ്രയാന്‍ ദൗത്യം പഠിപ്പിച്ചു; രാജ്യത്തിന്റെ കൂട്ടായ്മയുടെ പ്രാധാന്യം കോവിഡ് പ്രതിസന്ധി തന്നെ ബോധ്യപ്പെടുത്തി. കൂടാതെ, നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ക്കിടയിലും മുന്നോട്ട് പോകാന്‍ പ്രചോദിപ്പിച്ചതിന് മാധ്യമങ്ങളോടും മോദി നന്ദി പറഞ്ഞു.

സാംസ്‌കൃത പാരമ്പര്യവും മഹത്തായ ചിന്തകളും നിറഞ്ഞ രാജ്യത്തിനായുള്ള സേവനം എപ്പോഴും തനിക്ക് വലിയ ശക്തിയാണ് പകര്‍ന്നുനല്‍കിയിട്ടുള്ളത്. ‘വേദങ്ങള്‍ മുതല്‍ വിവേകാനന്ദന്‍ വരെ നീളുന്ന, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സാംസ്‌കാരിക പാരമ്പര്യമുള്ള, മനുഷ്യന്റെ മാനവികതയിലുള്ള വിശ്വാസം വീണ്ടെടുത്ത രാജ്യത്തിനായി സേവനം അനുഷ്ഠിക്കുമ്പോള്‍ എനിക്ക് ഒരിക്കല്‍ പോലും ഒറ്റപ്പെട്ടതായി തോന്നിയിട്ടില്ല,’ അദ്ദേഹം വ്യക്തമാക്കി.

ഇന്നത്തെ ദിവസം വെറുമൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ലെന്നും ഭാവിയിലേക്കുള്ള ദൃഢമായ ഒരു പ്രതിജ്ഞ പുതുക്കല്‍ കൂടിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘നമുക്ക് തീര്‍ച്ചയായും അത് സാധ്യമാകും’ 2047-ലേക്കുള്ള രാജ്യത്തിന്റെ വികസന യാത്രയ്ക്ക് ഇത് കരുത്ത് പകരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

cake tower new
LATEST NEWS