ആലുവ: നിയമ വിദ്യാർഥിനിയായ എടയപ്പുറം കക്കാട്ടിൽ മോഫിയ പർവീൺ (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), പിതാവ് യൂസഫ് (63) എന്നിവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പിന്നീട് പരിഗണിക്കും.
ചൊവ്വാഴ്ച അർധരാത്രിയിലാണ് ഒളിവിലായിരുന്ന പ്രതികളെ ആലുവ ഈസ്റ്റ് പൊലീസ് കോട്ടപ്പടി ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഐപിസി 304(ബി), 498(എ), 306, 34 എന്നീ വകുപ്പുകൾ പ്രകാരം സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, വിവാഹിതയ്ക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണു ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായ മോഫിയ പർവീണിനെ തിങ്കളാഴ്ച വൈകിട്ടാണു സ്വവസതിയിൽ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം മൂലമാണു ജീവനൊടുക്കുന്നതെന്നു മോഫിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ മോശമായി പെരുമാറിയ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.