‘ഒരു കോടി തന്നില്ലെങ്കിൽ കൊല്ലും’; ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്ക്കു വധ ഭീഷണി

May 6, 2025

ലഖ്നൗ: ഐപിഎല്ലിൽ നിറം മങ്ങിയതിന്റെ നിരാശയിൽ നിൽക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്ക്കു വധ ഭീഷണി. ഇ മെയിലിലൂടെയാണ് താരത്തിനു വധ ഭീഷണി ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഷമിയുടെ സഹോദരൻ മുഹമ്മദ് ഹസീബ് പൊലീസിൽ പരാതി നൽകി. യുപിയെ അംറോഹ ജല്ലയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

രാജ്പുത് സിന്ദർ എന്ന് പരിചയപ്പെടുത്തിയാണ് മെയിൽ വന്നിരിക്കുന്നത്. ഒരു കോടി രൂപ നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ബം​ഗളൂരുവിൽ നിന്നാണ് സന്ദേശമെത്തിയത് എന്നാണ് പ്രാഥമിക വിവരം.

ദീർഘ നാളത്തെ പരിക്കിനു ശേഷം സമീപ കാലത്താണ് ഷമി കളത്തിൽ തിരിച്ചെത്തിയത്. ഇന്ത്യക്ക് ചാംപ്യൻസ് ട്രോഫി കിരീടം സമ്മാനിക്കുന്നതിൽ ഷമി നിർണായക പങ്ക് വഹിച്ചിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദ് താരമായ ഷമി സീസണിൽ അത്ര ഫോമിൽ അല്ല. ആറ് കളികൾ മാത്രമാണ് താരം ഇത്തവണ കളിച്ചത്. നേടിയത് 6 വിക്കറ്റുകളും. ഹൈദരാബാദ് പ്ലേ ഓഫിലെത്താതെ പുറത്താകുകയും ചെയ്തു.

ദിവസങ്ങൾക്കു മുൻപ് ഇന്ത്യ പരിശീലകൻ ​ഗൗതം ​ഗംഭീറിനും വധ ഭീഷണി വന്നിരുന്നു. പഹൽ​ഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് വധ ഭീഷണി. ഇ മെയിലിലൂടെയാണ് ​ഗംഭീറിനും ഭീഷണി സന്ദേശം വന്നത്. അദ്ദേഹവും പൊലീസിൽ പരാതി നൽകിയിരുന്നു.

cake tower new
LATEST NEWS