‘ഇത്തരം മനുഷ്യരാണ് യഥാര്‍ഥ ഹീറോകള്‍, രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടര്‍’

Jul 10, 2025

ചെവിയുടെ ബാലന്‍സിങ് നഷ്ടമാവുന്ന (ഇയർ ബാലൻസ്) രോ​ഗാവസ്ഥയുമായി ബുദ്ധിമുട്ട് നിരവധിയാളുകളുണ്ട് നമുക്കിടയിൽ. തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ അഭിനന്ദിക്കുകയും ഒപ്പം ആരാധകർക്ക് പരിചയപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് നടൻ മോഹൻലാൽ.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടർ രവിയെ മോഹൻലാൽ പരിചയപ്പെടുത്തിയിരിക്കുന്നത്. “നിസ്വാര്‍ഥതയുടെ പ്രതീകമെന്നാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍ തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയത്. സമൂഹത്തില്‍ ഇത്തരം മനുഷ്യരാണ് യഥാര്‍ഥ ഹീറോകള്‍.

അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകള്‍ക്കു വേണ്ടി പറയണമെന്നെനിക്കു തോന്നി”.- എന്നാണ് ഡോ രവിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജീവിതയാത്രയില്‍ അവിചാരിതമായി നമ്മള്‍ ചില അനുഗ്രഹീതരെ കണ്ടുമുട്ടാറുണ്ട്. ഏറ്റവുമടുത്ത ഒരു സുഹൃത്തുവഴി അങ്ങനെ കണ്ടുമുട്ടിയ ഒരാളാണ് ചെന്ത്രാപ്പിന്നിയിലെ ഡോക്ടര്‍ രവി. ചെവിയുടെ ബാലന്‍സിങ് നഷ്ടമാവുന്ന രോഗാവസ്ഥയില്‍ നിന്ന് (ഇയർ ബാലൻസ്, BPPV) എന്റെ ഒരടുത്ത ചങ്ങാതിയെ നിസ്സാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ്.

ഡോക്ടറെ നേരില്‍ക്കാണണമെന്ന് ആഗ്രഹം തോന്നി, ഇതേ ചങ്ങാതിക്കൊപ്പം ഈയിടെ തൃപ്രയാര്‍ ക്ഷേത്രത്തില്‍ പോയ കൂട്ടത്തില്‍ ഞാനും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. കണ്ടുമുട്ടിയപ്പോഴാണ്, ഇയര്‍ ബാലന്‍സിന്റെ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് വിദൂരത്തിരുന്ന്, ഓണ്‍ലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടര്‍ രവിയുടെ മഹത്വം നേരിട്ടറിയാനായത്.

തന്നെ ഈ രോഗാവസ്ഥ ബാധിച്ചപ്പോള്‍ സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യമാണ് ദൈവസിദ്ധമെന്ന നിലയ്ക്ക് അനേകര്‍ക്കാശ്വാസമായി അദ്ദേഹം കൈമാറുന്നത്. നിസ്വാര്‍ത്ഥതയുടെ പ്രതീകമെന്നാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍ തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയത്. സമൂഹത്തില്‍ ഇത്തരം മനുഷ്യരാണ് യഥാര്‍ത്ഥ ഹീറോകള്‍.

അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകള്‍ക്കുവേണ്ടി പറയണമെന്നെനിക്കു തോന്നി. അദ്ദേഹത്തിന് ജഗദീശ്വരന്‍ ദീര്‍ഘായുസ്സും മംഗളങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

LATEST NEWS
തീവ്ര ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; അഞ്ചു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്

തീവ്ര ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; അഞ്ചു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. രാജസ്ഥാന് മുകളിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം...