ആറ്റിങ്ങൽ: എം.എസ്.സി ബയോ ഡൈവേർസിറ്റി കൺസർവേഷനിലാണ് ആറ്റിങ്ങൽ സ്വദേശി വിസ്മയ ഒന്നാം റാങ്ക് നേടിയത്. നഗരസഭ അഞ്ചാം വാർഡ് കൈരളി ജംഗ്ഷൻ തിരുവോണത്തിൽ വിജയകുമാർ സ്വപ്ന ദമ്പതികളുടെ മകളാണ് 23 കാരി വിസ്മയ.
ഒന്നാം ക്ലാസ് മുതൽ 10 വരെ ഗവ.ഗേൾസിലും, പ്ലസ് ഒൺ പ്ലസ്ടു വിദ്യാഭ്യാസം ഗവ.മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലും, ബി എസ് സി ബിരുദ പഠനം നിലമേൽ എൻഎസ്എസ് കോളേജിലുമാണ് വിസ്മയ പൂർത്തിയാക്കിയത്. തുടർന്ന് 2019 ൽ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ എം എസ് സി ബയോ ഡൈവേർസിറ്റി കൺസെർവേഷനിൽ 2 വർഷത്തെ ഉപരി പഠനത്തിനായി വിസ്മയ പ്രവേശിച്ചു. അവസാന വർഷ പരീക്ഷക്ക് ഒരാഴ്ച മുമ്പാണ് വിസ്മയയുടെ അമ്മ 49 കാരി സ്വപ്നക്ക് കൊവിഡ് മരണം സംഭവിച്ചത്. എന്നാൽ കൂലിപ്പണിക്കാരനായ തന്റെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം സഫലീകരിക്കാൻ കുടുംബത്തിൽ സംഭവിച്ച കൊടിയ ദുഖം ഉള്ളിലൊതുക്കി തൂലിക തുമ്പിലൂടെ എഴുതി നേടിയതാണ് ഈ മഹാവിജയം.
സഹോദരൻ വിമലിന് ഒരാഴ്ച മുമ്പുണ്ടായ റോഡപകടത്തെ തുടർന്ന് അച്ഛൻ വിജയകുമാർ മകനോടൊപ്പം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്. തെല്ല് ദുഖത്തോടെയാണെങ്കിലും വാട്ട്സപ്പ് ദൃശ്യ സംഭാഷണത്തിലൂടെ ആശുപത്രിയിൽ കഴിയുന്ന ഇവരോടും വിസ്മയ സന്തോഷം പങ്കിട്ടു. താൻ പഠിച്ച വിഷയത്തിൽ കൂടുതൽ ഗവേഷണം ചെയ്യാനാണ് ആഗ്രഹമെന്നും വിസ്മയ അറിയിച്ചു.
എം എൽ എ ഒ.എസ്. അംബിക, നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി എന്നിവർ വീട്ടിലെത്തി ഈ കൊച്ചു മിടുക്കിയെ പൊന്നാട ചാർത്തി ആദരിച്ചു. തുടർന്ന് കുടുംബാഗങ്ങളോടൊപ്പം മധുരം പങ്കിട്ട ശേഷമാണ് ഇരുവരും മടങ്ങിയത്.