‘കോടതി കുറ്റക്കാരനെന്ന് കണ്ടെത്തട്ടെ’; മുകേഷിനെ ന്യായീകരിച്ച് വനിത കമ്മീഷന്‍

Feb 3, 2025

കണ്ണൂര്‍: മുകേഷ് എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും തള്ളിപ്പറയാന്‍ തയാറാകാതെ സിപിഎം വനിതാ നേതാക്കള്‍. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അടക്കമാണ് മുകേഷിനെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുന്നത്. ധാര്‍മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജിവയ്ക്കേണ്ടതില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു

കോടതി രണ്ടുവര്‍ഷത്തിലധികം ശിക്ഷിച്ചാല്‍ മാത്രം എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ മതിയെന്ന് പി സതീദേവി പ്രതികരിച്ചു. കോടതിയില്‍ വിചാരണ നടക്കണം. കുറ്റക്കാരനാണെന്ന് കണ്ടെത്തണം. അതിനുശേഷമേ ഇത്തരം ചര്‍ച്ചകളുടെ ആവശ്യമുള്ളൂ. ധാര്‍മികത ഓരോര്‍ത്തര്‍ക്കും ഓരാന്നാണ്. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജിവയ്ക്കണോ എന്ന മുകേഷാണ് തീരുമാനിക്കേണ്ടതെന്നും സതീദേവി പറഞ്ഞു.

കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മുകേഷിനെ സംരക്ഷിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് പികെ ശ്രീമതി പറഞ്ഞു. മുകേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടില്ല. അങ്ങനെ കണ്ടെത്തിയാല്‍ ഇരക്കൊപ്പം തന്നെ പാര്‍ട്ടിയും സര്‍ക്കാരും നില്‍ക്കും. കുറ്റവാളികളെ സംരക്ഷിക്കില്ല. അതുവരെ ഈ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും ശ്രീമതി പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുകേഷിനെതിരായ ഡിജിറ്റല്‍, സാഹചര്യ തെളിവുകള്‍ അടക്കം അടങ്ങുന്നതാണ് കുറ്റപത്രം. പരാതിക്കാരിയുമായി മുകേഷ് നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്.

LATEST NEWS