സംസ്ഥാനത്ത് കൂടുതല്‍ മള്‍ട്ടിപ്ലക്സുകള്‍ വരുന്നു, 9 പുത്തൻ സ്ക്രീനുകളുമായി കെഎസ്എഫ്ഡിസി

Jul 16, 2025

കൊച്ചി: സംസ്ഥാനത്ത് മൾട്ടിപ്ലെക്സുകളുടെ എണ്ണം കൂടുന്നു. മികച്ച സിനിമകൾ നിർമിക്കുന്നതും മറ്റ് ഭാഷാ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും കണക്കിലെടുത്താണ് മൾട്ടിപ്ലെക്സുകൾ കേരളത്തിലേക്ക് കൊണ്ടുവരാൻ കമ്പനികൾ തയ്യാറാകാൻ കാരണം. അതേസമയം മൾട്ടിപ്ലെക്സുകൾ ചെറിയ തിയറ്ററുകൾക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നാൾക്കുനാൾ കൂടി വരുന്ന ബിസിനസ് ചെലവുകളും കാഴ്ചക്കാരുടെ എണ്ണ കുറവും ഹിറ്റ് സിനിമകളുടെ കുറവുമൊക്കെ ന​ഗരങ്ങളിലടക്കമുള്ള സിംഗിൾ- സ്ക്രീൻ തിയറ്ററുകളെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആർ ഐനോക്സിന് കേരളത്തിലുടനീളം 42 സ്‌ക്രീനുകളുണ്ട്.

മെക്സിക്കോ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സിനിമാ ശൃംഖലയായ സിനിപോളിസിന് കൊച്ചിയിൽ മൂന്ന് വിഐപി സ്ക്രീനുകൾ ഉൾപ്പെടെ 11 സ്ക്രീനുകളുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇപ്പോൾ മികച്ച സിനിമകൾ വരുന്നതു കൊണ്ടാണ് മൾട്ടിപ്ലെക്സുകൾ കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ചെയർമാനും ചലച്ചിത്ര നിർമാതാവുമായ ലിബർട്ടി ബഷീർ പറഞ്ഞു.

“കേരളത്തിലെ ജനങ്ങൾ എല്ലാ ഭാഷകളിലെയും സിനിമകൾ സ്വീകരിക്കുകയും കാണുകയും ചെയ്യുന്നവരാണ്. മാത്രവുമല്ല, സംസ്ഥാനത്ത് ടിക്കറ്റ് നിരക്കുകൾക്ക് പരിധിയില്ലാത്തതിനാൽ ഈ മൾട്ടിപ്ലെക്സുകൾക്ക് ടിക്കറ്റ് നിരക്കായി വലിയ തുക ഈടാക്കാനും കഴിയും”.- ലിബർട്ടി ബഷീർ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും (കെഎസ്എഫ്ഡിസി) ആറ് ജില്ലകളിലായി 17 സ്‌ക്രീനുകൾ തുറന്നിട്ടുണ്ട്.

കായലത്ത് (കോഴിക്കോട്) മൂന്ന് സ്‌ക്രീനുകളും പയ്യന്നൂർ (കണ്ണൂർ), അളകപ്പ നഗർ (തൃശൂർ), വൈക്കം (കോട്ടയം) എന്നിവിടങ്ങളിൽ രണ്ട് സ്‌ക്രീനുകൾ വീതവും ഉൾപ്പെടെ 9 സ്‌ക്രീനുകൾ കൂടി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറേഴ് മാസത്തിനുള്ളിൽ പുതിയ സ്ക്രീനുകൾ തുറക്കുമെന്നും കെഎസ്എഫ്ഡിസിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്‌ക്രീനുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സിനിമാ പ്രേമികളുടെ എണ്ണം കൂടുന്നില്ലെന്ന് ഫിലിം എക്സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (FEUOK) പ്രസിഡന്റ് കെ വിജയകുമാർ ചൂണ്ടിക്കാട്ടി. മൾട്ടിപ്ലക്സുകളുടെ വളർച്ച സിംഗിൾ സ്ക്രീൻ തിയറ്ററുകളെ ബാധിച്ചിട്ടുണ്ട്. സിനിമ നല്ലതാണെങ്കിൽ മാത്രമേ ആളുകൾ തിയറ്ററിൽ പോകാറുള്ളൂ. മൾട്ടിപ്ലക്‌സുകളുടെ കാര്യത്തിലേക്ക് വന്നാൽ,

ആളുകൾ ഷോപ്പിങ്ങിനോ മാളുകളിൽ പോകുമ്പോഴോ ഒക്കെയാണ് ആളുകൾ പലപ്പോഴും സിനിമ കാണുന്നത്. ചെറിയ തിയറ്ററുകൾക്ക് അത്തരമൊരു ഓപ്ഷൻ നൽകാൻ കഴിയില്ല. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ തിയറ്ററുകളെ ഈ പ്രവണത കൂടുതൽ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിനിമാ പ്രേമികളെ ആകർഷിക്കുന്നതിനായി കേരളത്തിലെ നിരവധി ചെറിയ തിയറ്ററുകൾ നവീകരിച്ചിട്ടുണ്ടെന്നും ബഷീർ വ്യക്തമാക്കി. “കസ്റ്റമേഴ്സിനെ പരമാവധി കംഫർട്ടബിൾ ആക്കാനാണ് ഈ ശ്രമം. കൂടാതെ, ഓഡിയോ- വിഷ്വൽ എക്സ്പീരിയൻസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉപയോ​ഗപ്പെടുത്തുന്നുണ്ടെന്ന് വിജയകുമാർ കൂട്ടിച്ചേർത്തു.

നിലവിൽ സംസ്ഥാനത്ത് 650 സിംഗിൾ സ്‌ക്രീൻ തിയറ്ററുകളാണുള്ളത്. വർധിച്ചുവരുന്ന വൈദ്യുതി ബില്ലും മറ്റ് ചെലവുകളും സബ്‌സിഡികളുടെ അഭാവവും അവരുടെ ദുരിതങ്ങൾക്ക് ആക്കം കൂട്ടി. ഒരു സിനിമ വിജയകരമായി ഓടുമ്പോൾ മാത്രമേ തിയറ്ററുകൾക്ക് വരുമാനം ലഭിക്കൂ,”- വിജയകുമാർ പറയുന്നു. “മൾട്ടിപ്ലെക്സുകൾക്ക് മറ്റ് വരുമാന സ്രോതസ്സുകളുണ്ട്. ഫുഡ് കോർട്ട് നല്ലൊരു വരുമാന മാർ​ഗമാണ്. അവിടെ ടിക്കറ്റ് വിലയും കൂടുതലാണ്. ഒരു ഷോ 10 പേർ മാത്രമേ കണ്ടുള്ളൂ എങ്കിൽ പോലും, സാമ്പത്തിക നഷ്ടം അത്ര കൂടുതലായിരിക്കില്ല”.- അദ്ദേഹം കൂട്ടിച്ചേർത്തു. ലുലു- മൈമൂണിന്റെ ഉദ്ഘാടനത്തോടെ കൊച്ചിയിൽ അഞ്ച് പിവിആർ സ്‌ക്രീനുകൾ കൂടി വരും. കാക്കാനാട് നാല് മൾട്ടിപ്ലെക്സുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് മാജിക് ഫ്രെയിംസ്.

LATEST NEWS
‘മൃതദേഹത്തിന്റെ അവകാശം ഭര്‍ത്താവിനല്ലേ, എംബസി നിലപാട് അറിയിക്കട്ടെ’; വിപഞ്ചികയുടെ മരണത്തില്‍ ഹൈക്കോടതി

‘മൃതദേഹത്തിന്റെ അവകാശം ഭര്‍ത്താവിനല്ലേ, എംബസി നിലപാട് അറിയിക്കട്ടെ’; വിപഞ്ചികയുടെ മരണത്തില്‍ ഹൈക്കോടതി

കൊച്ചി: കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഭര്‍ത്താവിനെ...