കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ‘ബ്ലൂ ഡ്രമ്മില്‍’ നിറച്ചു; മുസ്‌കാനും സാഹിലിനും വധശിക്ഷ

Oct 14, 2026

seena

മീററ്റ്: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്‍ മുസ്‌കാന്‍ റസ്തഗിക്കും സാഹില്‍ ശുക്ലയ്ക്കും വധശിക്ഷ. മീററ്റ് കോടതിയാണ് ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്. ഇരുവരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിയിരുന്നു. കേസില്‍ മൃതദേഹം ഒളിപ്പിച്ച നീല ഡ്രമ്മാണ് നിര്‍ണായക തെളിവായത്.

2025 മാര്‍ച്ച് നാലിനായിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. മുസ്‌കാനും സാഹിലും ചേര്‍ന്ന് സൗരഭിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. തെളിവ് നശിപ്പിക്കുന്നതിനായി ശരീരാവശിഷ്ടങ്ങള്‍ സിമന്റ് നിറച്ച നീല ഡ്രമ്മിലാക്കി ഒളിപ്പിക്കുകയായിരുന്നു.

126 വിചാരണകളുടെയും 22 സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ജില്ലാ ജഡ്ജി അരവിന്ദ് കുമാര്‍ മിശ്ര വിധി പ്രസ്താവിച്ചത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ ഭയം വളര്‍ത്തുമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. രാവിലെ, മുസ്‌കാന്‍ റസ്തഗിയുടെ മാതാപിതാക്കള്‍ കോടതിയില്‍ എത്തിയിരുന്നു. സൗരഭ് രാജ്പുത് വളരെ നല്ല മനുഷ്യനായിരുന്നെന്നും കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28നാണ് ആറു വയസ്സുള്ള മകളുടെ ജന്മദിനാഘോഷത്തിനു സൗരഭ് രജ്പുത്ത് നാട്ടിലെത്തിയത്. ഇയാളെ കൃത്യമായ ആസൂത്രണത്തിലൂടെ ഭാര്യയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി ഇയാളെ അബോധാവസ്ഥയിലാക്കി. പിന്നീട് കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി 15 കഷ്ണങ്ങളാക്കിയ ശേഷം വീപ്പയിലിട്ട് കോണ്‍ക്രീറ്റ് നിറച്ചു.

സൗരഭിനെ കാണാതായതോടെ ആളുകള്‍ അന്വേഷിച്ചു തുടങ്ങിയപ്പോള്‍ സൗരഭ് മണാലിയില്‍ പോയിരിക്കുകയാണെന്നാണ് ഇവരോട് മുസ്‌കാന്‍ പറഞ്ഞത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ സാഹിലിനൊപ്പം മണാലിയില്‍ പോയി ചിത്രങ്ങളെടുത്ത് സൗരഭിന്റെ സമൂഹമാധ്യമ പേജുകളില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ സൗരഭിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മുസ്‌കാനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. മൃതദേഹത്തെ കുറിച്ചു പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ വീപ്പ കണ്ടെത്തുകയും ശരീരഭാഗങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

2016ല്‍ ആണ് സൗരഭും മുസ്‌കാനും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. മുസ്‌കാനോടൊപ്പം സമയം ചെലവിടുന്നതിനു വേണ്ടി സൗരഭ് മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. ഇത് സൗരഭിന്റെ വീട്ടില്‍ പ്രശ്‌നമാകുകയും ഇരുവരും വാടകവീട്ടിലേക്ക് മാറുകയുമായിരുന്നു.

cake tower new
LATEST NEWS
കിളിമാനൂർ ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി പൂജകൾക്ക് ഒക്ടോബർ 18 നു തുടക്കമാകും

കിളിമാനൂർ ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി പൂജകൾക്ക് ഒക്ടോബർ 18 നു തുടക്കമാകും

കിളിമാനൂർ ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി പൂജകൾ 2026 ഒക്ടോബർ 18 മുതൽ ഒക്ടോബർ 21...