ആറ്റിങ്ങൽ: ജ്വല്ലറി ഉടമകൾ പ്രതികളായ ചിറയിൻകീഴിലെ പ്രമാദമായ കൊലക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. വലിയകട തോപ്പിൽ വിള വീട്ടിൽ ബാബു കൊല്ലപ്പെട്ട കേസിൽ ആണ് പ്രതികളെ വെറുതെ വിട്ട് കൊണ്ട് കോടതി ഉത്തരവായത്.
ചിറയിൻകീഴ് ഐഷാജൂവലറി ഉടമയായിരുന്ന ആലപ്പുഴ കൃഷ്ണപുരം ഫാത്തിമ കോട്ടേജിൽ നൗഷാദ്, അദ്ദേഹത്തിൻ്റെ സഹോദരങ്ങളായ കൊറ്റംകുളങ്ങര, കേരളപുരം പുത്തൻവീട്ടിൽ അബ്ദുൾ റഹീം, ഓച്ചിറ പായിക്കുഴി രാഗം തീയറ്റർ ജംഗ്ഷനിൽ പിണറും മൂട്ടിൽ വീട്ടിൽ ഫിറോസ്, കേരളപുരം പുനുക്കൂന്നൂർ പുത്തൻവീട്ടിൽ ഹബീബ്, എന്നിവരും, ജൂവലറിയിലെ ജോലിക്കാരായ ആലപ്പുഴ, പ്രയാർ മഠത്തിൽ കിഴക്കതിൽ വീട്ടിൽ ഷാജി, കൊല്ലം ക്ലാപ്പന, ആലുംപീടിക ഇടയിൽ വീട്ടിൽ ബൈജു, കിഴുവിലം കൂന്തള്ളൂർ അടിക്കലം എ.എസ്.നിവാസിൽ തട്ട് അനി എന്നു വിളിക്കുന്ന അനിൽകുമാർ, കിഴുവിലം കൂന്തള്ളൂർ കുളത്തിൻകര എം.എസ്. ഭവനിൽ ബിനു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇവരെ പ്രതികളാക്കി ചിറയിൻകീഴ് പോലീസ് രജിസ്റ്റർ ചെയ്തതായിരുന്നു ഈ കൊലപാതക കേസ്.
2006 ഡിസംബർ 9ന് രാത്രി 8.30 ന് ചിറയിൻകീഴ് ആറ്റിങ്ങൽ റോഡിൽ പാലകുന്ന് ജംഗ്ഷനിൽ വച്ച് ആണ് സംഭവം. സൈക്കിളിൽ യാത്ര ചെയ്തു വന്ന ബാബുവിനെ തടഞ്ഞു നിർത്തി കമ്പി കൊണ്ടും, കരിങ്കൽ കൊണ്ടുമുള്ള ആക്രമണത്തിൽ ബാബു കൊല്ലപ്പെട്ടു. ചിറയിൻകീഴ് വലിയകട കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഐഷാജൂവലറിയിലെ ബിസിനസുകൾ പലതും ബാബു പിടിച്ച് കൊണ്ട് പോയി മറ്റ് ജൂവലറികൾക്ക് നൽകുന്നുവെന്ന് ആരോപിച്ച് ഐഷാജൂവലറി ഉടമയും, കൊല്ലപ്പെട്ട കിഴുവിലം വലിയകട തോപ്പിൽ വിള വീട്ടിൽ ബാബുവുമായി വിരോധത്തിൽ ആണ് ബാബുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് എന്നത് ആണ് കേസ്.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി. ആയിരുന്ന രാജേന്ദ്രനാണ് അന്വേഷണം പൂർത്തിയാക്കി അന്തിമ കുറ്റപത്രം നൽകിയത്. ആ കാലഘട്ടത്തിൽ ഏറെ വിവാദമായതാണ് ഈ കേസ്. കേസിലെ തെളിവുകൾ കൂട്ടി യോജിപ്പിക്കാൻ കഴിയാത്ത വിധം സംശയം ജനിച്ചതിനാൽ സംശയത്തിൻ്റെ ആനുകൂല്യത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ഷിജുഷെയ്ക്ക് ആണ് ഉത്തരവിറക്കിയത്. പ്രതികൾക്ക് വേണ്ടി അഡ്വ.ചിറയിൻകീഴ് വി.ഷാജി കോടതിയിൽ ഹാജരായി.

















