കൊച്ചി: ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊന്നു. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസണാണ് മരിച്ചത്. അനുജൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതർക്കത്തെ തുടർന്ന് എയർഗണ്ണുപയോഗിച്ച് തോമസ് വെടിയുതിർക്കുകയായിരുന്നു. പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് ഇന്നലെ രാവിലെ പോൾസണ്‍ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതേചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ തോമസ് പോൾസനെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.