തിരുവനന്തപുരം: കേശവദാസപുരത്ത് മനോരമ എന്ന വൃദ്ധയെ കൊന്ന് കിണറ്റിൽ തളളിയ കേസിലെ പ്രധാന പ്രതി എന്ന് സംശയിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ആദം അലി ഒളിവിലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി സ്പർജൻ കുമാർ. ഇയാൾക്കായി വ്യാപക തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ആദം അലി നഗരം വിട്ടുപോയോ എന്നതിൽ ഉറപ്പില്ലെന്ന് പൊലീസ് പറയുന്നു. ആദം അലി മനോരമ താമസിക്കുന്ന വീടിന് അടുത്ത വീട്ടിൽ ജോലിയ്ക്കെത്തിയത് 6 മാസം മുമ്പാണ്. കെട്ടിടം പണിക്കായി ബംഗാളിൽ നിന്ന് വന്ന തൊഴിലാളിയാണ് ആദം അലി. സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ കേശവദാസപുരത്ത് കൊല്ലപ്പെട്ട മനോരമയുടെ വീട് സന്ദർശിച്ചു.

കേശദാസപുരത്ത് മനോരമ എന്ന വൃദ്ധ കൊല്ലപ്പെട്ടത് കഴുത്ത് ഞെരിച്ചതിനാലെന്ന് സംശയം. മൃതദേഹത്തിന്റെ കഴുത്തിൽ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലിൽ ഇഷ്ടികയും കെട്ടിവച്ചിരുന്നു. മനോരമയുടെ നിലവിളി കേട്ട് അയൽവാസികൾ കതകിൽ തട്ടിയെങ്കിലും ആരു കതക് തുറന്നില്ല. നാട്ടുകാർ പോയ ശേഷം മൃതദേഹം തൊട്ടടുത്ത കിണറ്റിൽ കൊണ്ടിട്ടു എന്നാണ് പോലീസിന്റെ നിഗമനം.
മോഷണത്തിനിടെയാാണ് കൊലപാതകമെന്നാണ് ആദ്യം കരുതിയത്. വിശദ പരിശോധനയിൽ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. അങ്ങനെ എങ്കിൽ കൊലപാതക കാരണം എന്താണെന്ന് കൂടുതൽ വ്യക്തമാകേണ്ട സാഹചര്യമാണ്. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്നാണ് പോലീസ് പറയുന്നത്


















