വിവിധ താലൂക്കുകളിൽ വാഹന പരിശോധന കർശനമാക്കി മോട്ടർ വാഹനവകുപ്പും പൊലീസും

Dec 20, 2024

ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ വാഹന പരിശോധന കർശനമാക്കി മോട്ടർ വാഹനവകുപ്പും പൊലീസും. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന പരിശോധനയിൽ നിയമലംഘനം നടത്തിയ 126 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. 2,73,500 രൂപ പിഴയായി ഈടാക്കി. മോട്ടർ വാഹനവകുപ്പും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. സ്വകാര്യ ബസുകളിലാണ് പ്രധാനമായും പരിശോധന ശക്തമാക്കിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.

ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ 43 കേസുകളിലായി 1,38,350 രൂപ പിഴ ഈടാക്കി. ബുധനാഴ്ച 53 കേസുകളിലായി 1,05, 150 രൂപ പിഴയീടാക്കിയിട്ടുണ്ട്. ഇന്നലെ നടത്തിയ പരിശോധനയിൽ 30 കേസുകളിലായി മുപ്പതിനായിരത്തോളം രൂപ പിഴയീടാക്കിയിട്ടുണ്ട്. ഇന്നലെ 6 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിടിക്കപ്പെടുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിച്ചതുമായി ബന്ധപ്പെട്ട് 26 കേസുകൾ റ‍ജിസ്റ്റർ ചെയ്തതായി ആർടിഒ അധികൃതർ അറിയിച്ചു.ഇവ കേസെടുത്ത് പിഴ ഇടാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മൂന്നു തവണയിലധികം പിടിക്കപ്പെട്ടാൽ പെർമിറ്റ് ചട്ടങ്ങളുടെ ലംഘനത്തിന് നടപടി സ്വീകരിക്കും. ബസ് യാത്രക്കാരായ വിദ്യാർഥികളോട് ചോദിച്ച് മനസ്സിലാക്കുന്നതിന് പുറമേ, വിതരണം ചെയ്ത ടിക്കറ്റിന്റെ രേഖകൾ പരിശോധിച്ച് കൺസഷൻ നൽകുന്നുണ്ടോ എന്ന് വിലയിരുത്തിയാണ് നടപടി സ്വീകരിക്കുന്നത്.

സ്വകാര്യ ബസ് ജീവനക്കാരായ കുറ്റവാളികളെക്കുറിച്ചുള്ള വിവരശേഖരണം പൊലീസ് ആരംഭിച്ചു. പീഡനക്കേസുകളിലും അടിപിടി, ലഹരി കേസുകളിലും പ്രതികളായിട്ടുള്ള ഒട്ടേറെപ്പേർ സ്വകാര്യ ബസ് ജീവനക്കാരായി ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കുറ്റവാളികളെ കുറിച്ചുള്ള വിവരശേഖരണം മുൻകൂട്ടി ആരംഭിച്ചതെന്നാണ് സൂചന.

LATEST NEWS