ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീയും ദേശീയ നഗര ഉപജീവന മിഷനും സംയുക്തമായി നഗരശ്രീ ഉത്സവ് 2021 സംഘടിപ്പിച്ചു

Oct 28, 2021

ആറ്റിങ്ങൽ: നഗരസഭ കുടുംബശ്രീയും ദേശീയ നഗര ഉപജീവന മിഷനും സംയുക്തമായി സംഘടിപ്പിച്ച നഗരശ്രീ ഉത്സവ് 2021 ന് ആറ്റിങ്ങലിൽ തുടക്കമായി. നഗരസഭാങ്കണത്തിൽ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിഡിഎസ് ചെയർപേഴ്സൺ എ.റീജ സ്വാഗതവും, സെക്രട്ടറി എസ്. വിശ്വനാഥൻ ആമുഖാവതരണവും നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.നജാം, അവനവഞ്ചേരി രാജു, എസ്. ഷീജ, ഗിരിജ ടീച്ചർ, മെമ്പർ സെക്രട്ടറി എസ്.എസ്.മനോജ്, മിഷൻ മാനേജർ സിമിന തുടങ്ങിയവർ സംസാരിച്ചു.

നഗരസഭ കുടുംബശ്രീയുടെ നിലവിലെ ഭരണ സമിതി നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ ഫോട്ടോ പ്രാദർശനവും, ട്രാൻസ്ജെൻഡർ വിഭാഗം അംഗങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തകർ അണിനിരന്ന റാലിയും പരിപാടിയെ ഏറെ വർണ്ണാഭമാക്കി. നഗരശ്രീ ഉത്സവിനോട് അനുബന്ധിച്ച് സംരഭകർക്ക് ലിങ്കേജ് ലോൺ സംവിധാനം ഉൾപ്പടെ വിവിധ ബാങ്കുകളുടെ ലോൺ മേള, കുടുംബശ്രീയുടെ പരിശീലന ക്ലാസിലൂടെ സ്വയം തൊഴിലിന് പ്രാപ്തരായവർക്കുള്ള സർട്ടിഫിക്കറ്റും,ടി എ വിതരണം, വഴിയോര തെരുവ് കച്ചവടക്കാർക്ക് ഡിജിറ്റൽ പണമിടപാട് നടത്താനുള്ള സംവിധാനം, കുടുംബശ്രീ സംരഭക വിപണനമേള എന്നിവ സംഘടിപ്പിക്കാൻ സാധിച്ചു.

നഗരസഭ കൂടുംബശ്രീയുടെ കീഴിൽ 291 അയൽക്കൂട്ടങ്ങളാണ് പട്ടണത്തിൽ ഉള്ളത്. അതിൽ ട്രാൻസ്ജെൻഡർ, വയോജനം, പിന്നോക്ക വിഭാഗം എന്നിങ്ങനെ പ്രത്യേക പരിഗണന ലഭിക്കേണ്ടവരെ ഉൾപ്പെടുത്തി 3 അനുബന്ധ അയൽക്കൂട്ടളുമുണ്ട്. വിവിധ ബാങ്കുകളുടെ സഹകരണത്തോടെ 3 കോടി 8845255 രൂപയും, സബ്സിഡി ഇനത്തിൽ 9 ലക്ഷത്തി 38293 രൂപയും, കുടുംബശ്രീ അംഗങ്ങൾക്ക് 4790000 രൂപയും ലിങ്കേജ് ലോൺ സംവിധാനത്തിലൂടെ നൽകാൻ സാധിച്ചു. നിലവിലെ സംരഭങ്ങൾ വിപുലീകരിക്കുന്നതിന് സി.ഇ.എഫ് ലോൺ മുഖേന 15 ലക്ഷം രൂപയുടെ സഹായവും ലഭ്യമാക്കി.

കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ 176 അയൽക്കൂട്ടങ്ങൾക്കായി 15845000 രൂപയും സബ്സിഡി ഇനത്തിൽ 1407814 രൂപയും വിതരണം ചെയ്തു. സംഘകൃഷി പ്രാവർത്തികമാക്കാൻ 1 കോടി 5 ലക്ഷം രൂപയും സബ്സിഡിയായി 2 ലക്ഷം രൂപയും നൽകാൻ കഴിഞ്ഞു. നഗര ഉപജീവന മിഷന്റെ ഭാഗമായി നഗരസഭയിലെ ഓരോ വാർഡിലും 1550000 രൂപയും 177 അയൽക്കൂട്ടങ്ങൾക്ക് 1770000 രൂപയും കൈമാറി. സൗജന്യ നൈപുണ്യ വികസന കോഴ്സ് പൂർത്തിയാക്കിയവർക്ക് ടിഎ ഇനത്തിൽ 112000 രൂപ, സംസ്ഥാന സർക്കാരിന്റെ അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി അർഹരായ 52 കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യകിറ്റ് എന്നിവ വിതരണം ചെയ്യുന്നു. കുടുംബശ്രീ അംഗങ്ങൾക്ക് സൗജന്യ യോഗാ പരിശീലനം, നഗത്തിലെ ആഭ്യസ്ഥവിദ്യർക്ക് കണക്ടു വർക്ക് പരിശീലനം, വഴിയോര കച്ചവടക്കാരെയും കർഷകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മാസചന്തകൾ എന്നിവ നടപ്പിലാക്കി. കൂടാതെ ജനകീയ ഹോട്ടലിലൂടെ 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്നു. നിലവിൽ കുടുംബശ്രീ അംഗങ്ങളല്ലാത്ത 18 നും 40 നും ഇടയിൽ പ്രായമുളള യുവതികളെ ഉൾപ്പെടുത്തി രൂപീകരിച്ച വാർഡുതല ഓക്സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം എന്നിവയെല്ലാം ജില്ലയിലെ തന്നെ മാതൃകാ സിഡിഎസ് ആയി ആറ്റിങ്ങലിനെ തിരഞ്ഞെടുക്കാൻ സഹായിച്ചു.

LATEST NEWS