‘ആ മുഖം കണ്ടാല്‍ അറിയാം ഉള്ളിലെ വേദന, ഇങ്ങനെ വേട്ടയാടരുത്’; പൊട്ടിക്കരഞ്ഞ രഹ്നയെ വളഞ്ഞ് യൂട്യൂബേഴ്‌സ്; വിമര്‍ശനം

Jan 30, 2026

കലാഭവന്‍ നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം ഇന്നാണ് തീയേറ്ററുകളിലേക്ക് എത്തിയത്. പ്രകമ്പനത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരം മരണപ്പെടുന്നത്. പ്രകമ്പനം റിലീസിന് നവാസിന്റെ കുടുംബവും എത്തിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി സ്‌ക്രീനില്‍ കാണാന്‍ അവരുമെത്തുകയായിരുന്നു. വിതുമ്പിക്കരഞ്ഞു കൊണ്ടാണ് നവാസിന്റെ ഭാര്യയും മകനും തിയേറ്ററില്‍ നിന്നിറങ്ങിയതും.

തിയേറ്ററിന് പുറത്തിറങ്ങിയതും രഹ്നയെ യൂട്യൂബര്‍മാരും പാപ്പരാസികളും വളഞ്ഞു. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പോലും സാധിക്കാതെ വിതുമ്പിക്കരയുകയായിരുന്നു രഹ്ന. ഉമ്മയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന മകന്‍ സോഷ്യല്‍ മീഡിയയുടെ നോവായി മാറുകയാണ്. ഇതിനിടെ രഹ്നയുടെ വേദന മനസിലാക്കാതെ ചോദ്യങ്ങളുമായി ഓടിക്കൂടിയ യൂട്യൂബര്‍മാര്‍ക്ക് ശക്തമായ വിമര്‍ശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്.

തിയേറ്ററില്‍ നിന്നും വികാരഭരിതയായി പുറത്തേക്ക് വന്ന രഹ്നയെ മൊബൈല്‍ ക്യാമറകളുമായി യൂട്യൂബര്‍മാര്‍ സമീപിക്കുകയായിരുന്നു. നവാസിക്ക അവസാനമായി അഭിനയിച്ച സിനിമയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു യൂട്യൂബേഴ്‌സിന്റെ ചോദ്യം. തനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞ് രഹ്ന ഒഴിഞ്ഞുമാറി. എന്നാല്‍ യൂട്യൂബേഴ്‌സിന് താരത്തെ വിടാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. ക്യാമറക്കണ്ണുകള്‍ താരത്തെ വളഞ്ഞു. ഇതിനിടെ നിയന്ത്രണം വിട്ട് വിതുമ്പിയ രഹ്നയെ മകന്‍ ചേര്‍ത്തു പിടിക്കുകയായിരുന്നു.

ശക്തമായ വിമര്‍ശനങ്ങളാണ് യൂട്യൂബേഴ്‌സിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ‘ഈ സമയത്തു ഒക്കെ എന്ത് അഭിപ്രായം ചോദിക്കാന്‍. അവരുടെ ഭര്‍ത്താവിനെ ജീവനോടെ സ്‌ക്രീനില്‍ കാണാന്‍ വന്നതാവും. ആ സങ്കടത്തില്‍ ഒക്കെ എന്ത് മറുപടി പറയാനാ’ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

”ഇവന്മാരെ കൊണ്ട് ഒരുപാടു ഉപദ്രവം ഉണ്ടാവുണ്ട് ഫോണും കൊണ്ട് ഇങ്ങനെ ഇറങ്ങിക്കോളും അവസാനം ആയി അഭിനയിച്ചത് എന്ന് അവര്‍ക്ക് അറിയാം എടുത്ത് ചോദിച്ചു ആ സ്ത്രീയെ കരയിപ്പിച്ചു അതുകൊണ്ട് റീച് ഉണ്ടാക്കി എന്ത് കിട്ടുന്നു ഡോ. ..ഇതിനു എതിരെ നിയമം ഇല്ലേ അനുവാദം ഇല്ലാതെ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുന്നതിനു എതിരെ എന്തെങ്കിലും നിയമം കൊണ്ട് വരണം മരണ വീട്ടില്‍ പോലും രക്ഷ ഇല്ല, എന്തു മനുഷ്യരാണ് ഇത്.. കഷ്ടം.. വെറുതെ വിട്ടു കൂടെ.. സ്വന്തം ഇമോഷന്‍സ് മാത്രം ഇന്നത്തെ കാലത്ത് നോക്കിയ മതി എന്നാണോ” എന്നും ചിലര്‍ പറയുന്നു.

”എന്തൊരു കഷ്ടമാ..എങ്ങനെ ചോദിക്കാന്‍ തോന്നുന്നു. എത്രമാത്രം വിഷമിക്കുന്നെന്ന് രഹ്നയുടെ മുഖം കണ്ടിട്ട് എങ്കിലും ഇവര്‍ക്കൊക്കെ മനസിലാവില്ലേ, എവിടെ, എപ്പോള്‍. എങ്ങനെ സംസാരിക്കണം എന്ന് ബോധമില്ലാത്ത മനുഷ്യര്‍, അവര്‍ക്കു സംസാരിക്കാന്‍ പോലും വയ്യ. ആ മുഖവും നില്‍പ്പും കണ്ടാല്‍ അറിയാം ഉള്ളിലെ വേദന എത്ര ആണെന്ന്. കുറച്ചു മനുഷ്യത്വം കാണിക്കു. അവരുടെ ഒരു അഭിപ്രായം കിട്ടിയിട്ട് വേണോ നിങ്ങള്ക്ക് വീട്ടില്‍ അരി മേടിക്കാന്‍? കഷ്ടമാണ്. നിങ്ങളുടെ വീട്ടിലും കാണില്ലേ അമ്മയും പെങ്ങളും ഭാര്യയും ഒക്കെ ആയി സ്ത്രീകള്‍, അവസാനം ആയിട്ടു അഭിനയിച്ച എന്നൊക്കെ പറയുമ്പോള്‍ എത്ര ഇമോഷണല്‍ ആവും എന്ന് നിനക്ക് അറിയില്ല എന്തൊരു ഉളുപ്പ് കെട്ട ജന്മം ആണ്” എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

LATEST NEWS
ഹോസ്റ്റല്‍ അന്തേവാസിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് 43 വര്‍ഷം കഠിനതടവ്‌

ഹോസ്റ്റല്‍ അന്തേവാസിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് 43 വര്‍ഷം കഠിനതടവ്‌

തിരുവനന്തപുരം: ഹോസ്റ്റല്‍ അന്തേവാസിയായ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഹോസ്റ്റല്‍...