കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 20 കോടി രൂപയുടെ ഹെറോയിനുമായി വിദേശ പൗരനെ ഡി.ആര്‍.ഐ. പിടികൂടി. ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണിൽ നിന്ന് ദുബായ് വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ടാന്‍സാനിയന്‍ പൗരനാണ് പിടിയിലായത്. ഇയാളെ ഡി.ആര്‍.ഐ. സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്.

ശനിയാഴ്ച പുലര്‍ച്ചെ ദുബായില്‍നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചനിലയില്‍ ഹെറോയിന്‍ കണ്ടെടുത്തത്. യാത്രാരേഖകള്‍ പരിശോധിച്ചതോടെയാണ് കേപ്‌ടൗണിൽനിന്നാണ് പ്രതി യാത്ര ആരംഭിച്ചതെന്നും മനസിലാക്കിയത്. മയക്കുമരുന്ന് കൊച്ചിയിലേക്ക് എത്തിച്ചതാണോ, ഇവിടെനിന്ന് മറ്റെവിടേക്കെങ്കിലും കടത്താന്‍ കൊണ്ടുവന്നതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചോദ്യംചെയ്യലിലേ വ്യക്തമാകൂ.

















