കോഴിക്കോട്: ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്ത് റാങ്ക്. തളര്‍ന്നില്ല. ലക്ഷ്യം നേടാനുറച്ച് ഒരുവര്‍ഷം പൂര്‍ണമായും പരിശീലനത്തിനായി വിനിയോഗിച്ചു. ഡോക്ടര്‍ എന്ന സ്വപ്നത്തിനുപുറകെയുള്ള ദീപ്നിയയുടെ യാത്രയ്ക്ക് മിന്നുന്ന വിജയത്തുടക്കം. കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ദൂരം താണ്ടി നീറ്റിലെ സംസ്ഥാനത്തെ ആദ്യ റാങ്കില്‍ ദീപ്നിയ മുത്തമിടുമ്പോള്‍ വീടിനും നാടിനും അഭിമാന നിമിഷം.
പൊതുവിദ്യാലത്തില്‍ പഠിച്ച, വായന ഏറെ ഇഷ്ടമുള്ള കോഴിക്കോട് ആവള സ്വദേശിനി ദീപ്നിയ ചിട്ടയായ പഠനത്തിലൂടെയാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. അഖിലേന്ത്യാതലത്തില്‍ 109-ാം റാങ്കാണ്. ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്തായിരുന്നു റാങ്ക്. ലക്ഷ്യം നേടാനുറച്ച് ഒരുവര്‍ഷം പൂര്‍ണമായും പരിശീലനത്തിനായി വിനിയോഗിച്ചു. പാലാ ബ്രില്യന്‍സില്‍ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പരിശീലനം. ദിവസം 12 മുതല്‍ 13 മണിക്കൂര്‍ വരെയായിരുന്നു പഠനമെന്ന് ദീപ്നിയ പറയുന്നു.
പോണ്ടിച്ചേരി ജിപ്മറില്‍ പഠിക്കാനാണ് താല്‍പ്പര്യം. ആവള ജിഎംഎല്‍പി, ആവള യുപി, ആവള കുട്ടോത്ത്ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. പാഠ്യേതരവിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനും മഠത്തില്‍ മുക്കിലെ ആവള ടി ഗ്രന്ഥാലയം സെക്രട്ടറിയുമായ പള്ളിക്കല്‍മീത്തല്‍ പി എം ദിനേശന്റെയും ഇതേ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്ര അധ്യാപിക എം പി ബിജിയുടേയും മകളാണ്.