അബുദാബി: യുഎയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം. 24 മണിക്കൂറിനുള്ളില്‍ വിപണിയില്‍ നിന്ന് വ്യാജവും മായംചേര്‍ത്തതും കേടായതുമായ ഉല്‍പന്നങ്ങള്‍ പിന്‍വലിക്കണമെന്ന് വിതരണക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വാണിജ്യ തട്ടിപ്പുകള്‍ തടയുന്നതിന് പുതിയ നിയമം( anti-commercial fraud law) നടപ്പാക്കിയിരിക്കുകയാണ് രാജ്യം.
സാമ്പത്തിക മന്ത്രാലയമോ ബന്ധപ്പെട്ട അധികാരിയോ അറിയിപ്പ് നല്‍കിയാല്‍ ആരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പനയും വിതരണവും ഉടന്‍ നിര്‍ത്തണം. വിപണിയിലും വെയര്‍ഹൗസുകളിലും ഉള്ള ഉല്‍പന്നങ്ങള്‍ ഒരു ദിവസത്തിനകം പിന്‍വലിക്കണം. നടപടി പൂര്‍ത്തിയാക്കിയതിന്റെ തെളിവും അധികൃതര്‍ക്ക് നല്‍കണം. ഉല്‍പന്നം പിന്‍വലിച്ചതായി 48 മണിക്കൂറിനകം അറബിയിലും ഇംഗ്ലിഷിലും പൊതുഅറിയിപ്പും നല്‍കണം.
2026 ലെ മന്ത്രിസഭാ തീരുമാനം നമ്പര്‍ (107) അനുസരിച്ച് പുറപ്പെടുവിച്ച വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തിന്റെ പുതിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മന്ത്രാലയം കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. വ്യാജമായതും, മായം ചേര്‍ത്ത അല്ലെങ്കില്‍ കേടായ വസ്തുക്കളുടെ ഇറക്കുമതി, നിര്‍മ്മാണം, സംഭരണം, ഗതാഗതം, പ്രോത്സാഹിപ്പിക്കല്‍, വില്‍പ്പന അല്ലെങ്കില്‍ വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള തെറ്റായ വാണിജ്യ രീതികള്‍ തടയുന്നതിനുള്ള സമഗ്രമായ ചട്ടങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
മനുഷ്യരുടെയോ മൃഗങ്ങളുടെയോ ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയ്ക്ക് അപകടമുണ്ടാക്കുന്ന ഉല്‍പന്നങ്ങളാണെങ്കില്‍ ഈ സമയപരിധി കുറയ്ക്കാനും സാധ്യതയുണ്ട്. നിയമം ലംഘിക്കുന്ന ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് പ്രത്യേക സ്ഥലങ്ങളില്‍ സൂക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യും. നിശ്ചിത സമയത്തിനകം വ്യാപാരി സാധനങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ അധികൃതര്‍ക്ക് തുടര്‍ന്നുള്ള 48 മണിക്കൂറിനകം നേരിട്ട് നീക്കം ചെയ്യാനും ചെലവ് വ്യാപാരിയില്‍നിന്ന് ഈടാക്കാനും വ്യവസ്ഥയുണ്ട്. വിതരണക്കാരനെ ബന്ധപ്പെടാനാകാത്ത സാഹചര്യത്തിലും സാധനം കണ്ടെത്തിയതിനു പിന്നാലെ 48 മണിക്കൂറിനകം നടപടി സ്വീകരിക്കാം.
തിരിച്ചയയ്ക്കാന്‍ സാധിക്കുന്നതും ആരോഗ്യ-സുരക്ഷാ അപകടമില്ലാത്തതുമായ പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍ 30 ദിവസത്തിനകം നിര്‍മിച്ച രാജ്യത്തേക്കോ കയറ്റി അയച്ച രാജ്യത്തേക്കോ തിരിച്ചയയ്ക്കണം.നശിപ്പിക്കാന്‍ തീരുമാനിച്ച സാധനങ്ങള്‍ കോടതി ഉത്തരവോ സുപ്രീം കമ്മിറ്റി തീരുമാനമോ വന്നശേഷം 15 പ്രവൃത്തിദിവസത്തിനകം നശിപ്പിക്കും. റീസൈക്കിള്‍ ചെയ്ത് പുനരുപയോഗിക്കാന്‍ കഴിയുന്നവയ്ക്ക് അതിനുള്ള നടപടിക്കും ചട്ടത്തില്‍ വ്യവസ്ഥയുണ്ട്.
സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ തുടങ്ങിയ റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ക്കൊപ്പം ഇ-കൊമേഴ്സ് മേഖലയ്ക്കും ചട്ടം ബാധകമാണ്. വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് വില്‍പന തടയുന്നതിനുള്ള നടപടികളെടുക്കും.വ്യാജ ഉല്‍പന്നങ്ങള്‍ അറിഞ്ഞുകൊണ്ട് വില്‍ക്കല്‍, ഉപയോഗയോഗ്യമല്ലാത്ത സാധനങ്ങള്‍ വീണ്ടും വിപണിയിലെത്തിക്കല്‍, നിയമവിരുദ്ധ ലാഭത്തിനായി വാങ്ങല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, ഉല്‍പന്നത്തിന്റെ സ്വഭാവം, ഗുണനിലവാരം, ഉത്ഭവം, ഘടകങ്ങള്‍ എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കല്‍ തുടങ്ങിയവയ്ക്കും പിഴയുണ്ടാകും.വാണിജ്യ തട്ടിപ്പിനെതിരെ യുഎഇ പരിശോധനയും ശക്തമാക്കിയിലട്ടുണ്ട്.

















