കേരളത്തിൽ പുതിയൊരു ജില്ല വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ ഭീമഹർജി. തിരുവനന്തപുരം ജില്ല വിഭജിച്ച് നെയ്യാറ്റിൻകര ആസ്ഥാനമായി പുതിയൊരു ജില്ല വേണമെന്നാണ് ആവശ്യം.
നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഭീമഹർജിയാണ് നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. അരലക്ഷം ആളുകൾ ഒപ്പിട്ട ഭീമഹർജിസമിതി ചെയർമാൻ ജി ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് കൈമാറി.
സംസ്ഥാനത്ത് വയനാടിനെക്കാളും ഏറ്റവും കുറഞ്ഞ പ്രതിശീതർഷ വരുമാനമുള്ള ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണ് നെയ്യാറ്റിൻകരയും കാട്ടാക്കടയും ഉൾപ്പെടെയുള്ള പ്രദേശങ്ങളെന്നാണ് നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ചൂണ്ടിക്കാട്ടുന്നത്. അവിടെ മാറ്റമുണ്ടാക്കുവാൻ ജില്ലാ രൂപീകരണം കൊണ്ടേ സാദ്ധ്യമാവുകയുള്ളുവെന്നും സമിതി വാദിക്കുന്നു.പുതിയ ജില്ല രൂപീകരിക്കുന്നതിന് സർക്കാർ അനുകൂലമായി പ്രതികരിച്ചുവെന്നാണ് സംഘടനയുടെ അവകാശ വാദം.
1984 ൽ കാസർഗോഡ് ജില്ല രൂപീകരിച്ച ശേഷം പുതിയ ജില്ലകൾ രൂപീകരിക്കാത്തതിനാൽ കേന്ദ്ര വിഹിതത്തിലും ഏകീകൃത വികസനത്തിലും സംസ്ഥാനത്തിന് വലിയ നഷ്ടമാണുണ്ടാകുന്നതെന്ന് സംഘടന വ്യക്തമാക്കി. തമിഴ്നാടും കർണാടകയും ആന്ധ്രാപ്രദേശും തെലങ്കാനയും ജില്ലകളുടെ എണ്ണം വർധിപ്പിച്ച് വലിയ നേട്ടമുണ്ടാക്കിയെന്നും സംഘടന പറയുന്നു.
നെയ്യാറ്റിൻകര ലത്തീൻ രൂപത മോൺസിങ്ങർ ഫാദർ ജി ക്രിസ്തുദാസ്, അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികൾ, കെ ആൻസലൻ എംഎൽഎ, സിഎസ്ഐ സഭ മുൻ സെക്രട്ടറി ഡി ലോറൻസ്, കാരോട് എസ് അയ്യപ്പൻ നായർ, കൈരളി ജി ശശിധരൻ, അഡ്വ. എം മുഹീനുദ്ദീൻ, കാരോട് പത്മകുമാർ, കാരോട് സുധാകരൻ നായർ, ആർ ജയകുമാർ, കെ ശശിധരൻ നായർ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

















