ഡല്‍ഹി: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ പുതിയ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാന്‍ ഫോണ്‍ നിര്‍മ്മാതാക്കളോട് നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എല്ലാ പുതിയ ഫോണുകളിലും കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളോട് കേന്ദ്ര ടെലികോം വകുപ്പ് നിര്‍ദേശിച്ചത്.
സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതോടെ പുതിയ ഫോണുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയാത്തവിധമാണ് ഈ ആപ്പ് ക്രമീകരിക്കുക. 90 ദിവസത്തിനകം ഇത് നടപ്പാക്കാനാണ് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. വിതരണ ശൃംഖലയിലുള്ള ഫോണുകളില്‍ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് വഴി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
120 കോടിയിലധികം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ടെലിഫോണ്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ. ജനുവരിയില്‍ ആരംഭിച്ച സഞ്ചാര്‍ സാഥി ആപ്പ് വഴി 700,000ലധികം നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ സഞ്ചാര്‍ സാഥി പ്രാപ്തമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. സഞ്ചാര്‍ സാഥി ആപ്പ് നിരവധി സേവനങ്ങളാണ് നല്‍കുന്നത്. അവ ഓരോന്നും ചുവടെ:
1.ഫോണിലും വാട്‌സ്ആപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും ടെലികോം വകുപ്പിനെ അറിയിക്കാം. ഈ നമ്പറുകള്‍ കേന്ദ്രം ബ്ലോക്ക് ചെയ്യും
2.നഷ്ടപ്പെടുന്ന ഫോണ്‍ മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനും ട്രാക്ക് ചെയ്യാനുമുള്ള സംവിധാനം ഇതിലുണ്ട്. അപേക്ഷ നല്‍കിയാല്‍ ഫോണിന്റെ ഐഎംഇഐ നമ്പറുകള്‍ ബ്ലോക് ആകും. ഫോണ്‍ തിരികെ ലഭിച്ചാല്‍ ബ്ലോക്ക് നീക്കാം.
3.ഉപയോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആരെങ്കിലും മറ്റ് മൊബൈല്‍ കണക്ഷനുകള്‍ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാം.
4.വാങ്ങുന്ന സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ മുന്‍പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. വാങ്ങും മുന്‍പ് തന്നെ ഇവയുടെ ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഫോണ്‍ വാലിഡ് ആണോയെന്ന് നോക്കാം
5.ഇന്ത്യന്‍ നമ്പറുകളുടെ മറവില്‍ വിദേശ കോളുകള്‍ ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
![]()
![]()
![]()

















