നഗരൂർ ജംഗ്ക്ഷനിൽ പ്രവർത്തിക്കുന്ന ബേക്കറിയിലും സമീപത്തുള്ള ഹോട്ടലിലുമാണ് ഇന്നലെ അർദ്ധരാത്രിയോടെ മോഷണം നടന്നത്. ഇരു കടകളിൽ നിന്നുമായി അര ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഉടമകൾ അറിയിച്ചു. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴ സമയത്തായിരിക്കും മോഷണം നടന്നതെന്ന അനുമാനത്തിലാണ് വ്യാപാരികൾ.
ജംഗ്ക്ഷനിലുള്ള പി.കെ.എച്ച് ബേക്കറിയുടെ പുറകുവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നിരിക്കുന്നത്. ഇവിടെ നിന്ന് പണവും മറ്റും അപഹരിച്ചശേഷം സി.സി.ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്ക് ഊരി എടുത്തു കൊണ്ട് പോവുകയായിരുന്നു. ഈ കടയുടെ അടുത്ത് തന്നെ പ്രവർത്തിക്കുന്ന ഹാജ ഹോട്ടലിൻ്റെ ബാത്ത് റൂം ഗ്രിൽ പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്ന്. ഇവിടത്തെ ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും ഒരു ചരിറ്റബിൾ സൊസൈറ്റി സ്ഥാപിച്ചിരുന്ന പെട്ടിയിലെ പണവുമാണ് അപഹരിച്ചത്.
ഉടമസ്ഥർ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ ഇവർ നഗരൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നഗരൂർ എസ്.എച്ച്.ഒ ഷിജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മോഷ്ടാക്കൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.