കാസര്‍കോട്: നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍. കാസര്‍കോട് ചെറുവത്തൂര്‍ മയിച്ച വീരമലക്കുന്നിലാണ് മണ്ണിടിച്ചില്‍. ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചില്‍. ഈ മേഖലയില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെയാണ് വീരമലക്കുന്നില്‍ നിന്ന് വന്‍തോതില്‍ മണ്ണ് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചില്‍. കുന്നിടിയുന്ന സമയത്ത് ഇതുവഴി പോവുകയായിരുന്ന ഒരു കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറയുന്നു.
മണ്ണുമാന്തിയന്ത്രവും ക്രയിനും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. എന്‍ ഡി ആര്‍ എഫ്, ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ക്കും സ്ഥലത്ത് എത്താന്‍ നിര്‍ദേശമുണ്ട്. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ഒരു മാസം മുന്‍പും വീരമല കുന്നില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അന്ന് മണ്ണിനടിയില്‍പ്പെട്ട ഒരു തൊഴിലാളി പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. റോഡ് നിര്‍മ്മാണത്തിനായി അശാസ്ത്രീയമായാണ് വീരമല കുന്ന് കരാര്‍ കമ്പനിയായ മേഘ ഇടിച്ചതെന്ന് കളക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് വ്യാപകമായി മണ്ണ് കടത്തിയതിന് കമ്പനിക്കെതിരെ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.