പോപ്പുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് എന്‍ഐഎ; സംസ്ഥാനത്ത് 20 ഇടങ്ങളില്‍ പരിശോധന

Jan 28, 2026

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുമായി ബന്ധപ്പെട്ട 20 സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന. എറണാകുളം, തൃശൂര്‍, പാലക്കാട് തുടങ്ങിയ മൂന്ന് ജില്ലകളിലായി ഇരുപതോളം ഇടങ്ങളിലായിരുന്നു പരിശോധന. എറണാകുളം ജില്ലയില്‍ മാത്രം എട്ട് ഇടങ്ങളില്‍ പരിശോധന നടന്നെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ 6 മണിയോടെ ആയിരുന്നു തെരച്ചില്‍ ആരംഭിച്ചത്. പരിശോധന നാല് മണിക്കൂറിലധികം നീണ്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരോധിത സംഘടനയുമായി ബന്ധപ്പെട്ട 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

പരിശോധനയില്‍ സുപ്രധാന തെളിവുകള്‍ കണ്ടെത്തിയതായും എന്‍ഐഎ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിലവില്‍ നിരോധിത സംഘടനയാണെങ്കിലും അതിന്റെ പ്രവര്‍ത്തനം തുടരുന്നെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന രഹസ്യ ശൃംഖലകളെ കണ്ടെത്താന്‍ പ്രവര്‍ത്തിച്ച് വരികയാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.

ഒളിവില്‍ കഴിയുന്ന ആറ് പ്രധാന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനായാണ് പരിശോധനയെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആലുവ സ്വദേശി അബ്ദുള്‍ വഹാബ് (28). പട്ടാമ്പി സ്വദേശിയായ അബ്ദുള്‍ റഷീദ് കെ (35), എടവനക്കാട് സ്വദേശി അയൂബ് ടിഎ (52) എന്നിവരെ ഉള്‍പ്പെടെയാണ് എന്‍ഐഎ തേടുന്നത്. 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളവരാണ് ഇവര്‍. പട്ടാമ്പി സ്വദേശിയായ മുഹമ്മദ് മന്‍സൂറിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 3 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ആലങ്ങാട് സ്വദേശിയായ മുഹമ്മദ് യാസര്‍ അറഫാത്ത്, വളാഞ്ചേരി സ്വദേശിയായ മൊയ്തീന്‍കുട്ടി പി എന്നിവരെ കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹായവും ഏജന്‍സി തേടിയിട്ടുണ്ട്.

കോളേജ് പ്രൊഫസര്‍ ടിജെ ജോസഫിനെതിരായ കൈവെട്ട് ആക്രമണവുമായി ബന്ധപ്പെട്ട വിശാലമായ നിലവില്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. കേസിലെ ഒന്നാം പ്രതിയായ സവാദ് അടുത്തിടെ അറസ്റ്റിലായിരുന്നു. തനിക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ കേരളത്തിലെയും തമിഴ്നാട്ടിലെയും പോപ്പുലര്‍ ഫ്രണ്ട് അനുകൂലികളുടെ വിവരങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

LATEST NEWS
30 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു, ഗുരുവായൂര്‍ – തിരുനാവായ റെയില്‍വേ പാതയിലെ ‘മരവിപ്പിക്കല്‍’ നീങ്ങി

30 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു, ഗുരുവായൂര്‍ – തിരുനാവായ റെയില്‍വേ പാതയിലെ ‘മരവിപ്പിക്കല്‍’ നീങ്ങി

തൃശൂർ: മൂന്ന് പതിറ്റാണ്ടായി ഫയലുകളിലും വാഗ്ദാനങ്ങളിലുമൊതുങ്ങിയിരുന്ന ഗുരുവായൂര്‍ - തിരുനാവായ...