നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

Apr 20, 2024

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും ഉണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ജയിലിലെത്തി നിമിഷയെ കാണാനാകുമെന്നാണ് പ്രതീക്ഷയിലാണ് അമ്മ. യെമന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏദനിലെത്തിയ ശേഷം ഒന്നോ രണ്ടോ ദിവസത്തിനു ശേഷമാണ് പ്രേമകുമാരിയും സാമുവല്‍ ജെറോമും 400 കിലോമീറ്റര്‍ അകലെയുള്ള വിമത പക്ഷത്തിന്റെ അധീനതയിലുള്ള യെമന്‍ തലസ്ഥാനമായ സനയിലേക്ക് പോവുക. അവിടുത്തെ ജയിലിലാണ് നിമിഷപ്രിയയെ പാര്‍പ്പിച്ചിട്ടുള്ളത്.

യെമനിലേക്ക് പോകാന്‍ അനുവാദം വേണമെന്ന് കാട്ടി അമ്മ പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു, ‘ബ്ലഡ് മണി’ നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിന് സ്വന്തം നിലക്ക് ചര്‍ച്ച നടത്തുകയോ അല്ലെങ്കില്‍ തങ്ങളെ ചര്‍ച്ചക്കായി പോകാന്‍ അനുവദിക്കുകയോ ചെയ്യണമെന്നായിരുന്നു പ്രേമകുമാരിയുടെ ആവശ്യം. ഇതിന് കോടതി അനുമതി നല്‍കിയിരുന്നു.

നിമിഷപ്രിയയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന യെമന്‍ പൗരന്റെ കുടുംബത്തെ സന്ദര്‍ശിച്ച് വധശിക്ഷയില്‍ ഇളവിന് അഭ്യര്‍ത്ഥിക്കാനാണ് യാത്ര. കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി യെമന്‍ സുപ്രീം കോടതിയും ശരിവച്ചിരുന്നു. യെമന്‍ പൗരന്റെ കുടുംബം അനുവദിച്ചാല്‍ മാത്രമേ വധശിക്ഷയില്‍ നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ.

LATEST NEWS
ആറ്റിങ്ങൽ നഗരസഭ സെപ്റ്റേജ് സ്വീവേജ് വിഭാഗം തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

ആറ്റിങ്ങൽ നഗരസഭ സെപ്റ്റേജ് സ്വീവേജ് വിഭാഗം തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

ആറ്റിങ്ങൽ: നമസ്തേ സ്കീമിൻ്റെ ഭാഗമായി നഗരസഭയിൽ ദ്രവമാലിന്യ ശേഖരണം നടത്തുന്ന തൊഴിലാളികൾക്കുളള...