നിതിൻ രാജിന്റെ മരണം; അധ്യാപകർക്കെതിരെ കേസെടുത്തു; അന്വേഷണത്തിന് പ്രത്യേക സംഘം

Apr 13, 2026

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ കേസെടുത്തു. അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം, അസോ. പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആത്മ​ഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. എസ്‍സി എസ്ടി അതിക്രമ നിരോധന വകുപ്പും ഇവർക്കെതിരെ എടുത്തിട്ടുണ്ട്.

കേസ് പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി നിഥിൻ രാജിൻ്റെ നിർദ്ദേശപ്രകാരമാണ് കണ്ണൂർ എസിപി ആർ ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ചക്കരക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെഎ ഫക്രുദ്ദീൻ, എസ് ഐ, സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ, കണ്ണൂർ സിറ്റി സൈബർ സെൽ എന്നിവരുൾപ്പെട്ട ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. ദന്തൽ കോളജിൽ അധ്യാപകരിൽ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിൻ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

നേരത്തെ ആരോപണവിധേയരായ അധ്യാപകരെ അധികൃതർ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ആഭ്യന്തര അന്വേഷണത്തിനായി കോളജിൽ ഒരു സമിതി രൂപീകരിച്ചിരുന്നു. നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് കോളജ് മാനേജ്‌മെന്റ് അറിയിച്ചു. അധ്യാപകര്‍ക്കോ സഹപാഠികള്‍ക്കോ എതിരെ നിധിന്‍ മുന്‍പ് പരാതികളൊന്നും നല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

അതിനിടെ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്ന ശബ്ദ സന്ദേശമടക്കം പുറത്ത് വന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ സ്റ്റാഫ് റൂം പോലും നിതിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കൈയും കാലും വെട്ടും എന്നും പറയുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തു വന്നത്.

സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അധ്യാപകർ നിതിനെ അധിക്ഷേപിച്ചിരുന്നതിനെ കുറിച്ച് മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്ന് കമ്മീഷൻ പ്രതികരിച്ചു. അടിയന്തരമായി വിഷയത്തിൽ ഇടപെടുമെന്നും യുവജന കമ്മീഷൻ വ്യക്തമാക്കി.

‍വകുപ്പ് മേധാവി ഡോ. എം കെ റാമും ഡോ. സംഗീതയും മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യവും കാണിച്ചിരുന്നു എന്നാണ് ആരോപണം.

കോളജിൽ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് നിതിൻ സുഹൃത്തക്കൾക്ക് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. അധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചുവെന്നും അധ്യാപകൻ വിഢി എന്നു വിളിച്ചുവെന്നും പറഞ്ഞുകൊണ്ട് നിതിൻ സുഹൃത്തിന് അയച്ച ഓഡീയോ സന്ദേശം പുറത്തുവന്നിരുന്നു. സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണ്. വീട്ടുകാരെ കളിയാക്കി സംസാരിച്ചു. ഇന്റേണൽ മാർക്ക് കുറച്ചത് കുടുംബത്തിന് സർപ്രൈസ് നൽകാനെന്നു പറഞ്ഞു. സഹപാഠികൾക്കിടയിൽ വെച്ച് നിരന്തരം അപമാനിച്ചന്നും നിതിൻ രാജ് ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

cake tower new
LATEST NEWS
‘സഭയുടെ കാര്യം നോക്കിയാല്‍ മതി, രാഷ്ട്രീയക്കാരനാകേണ്ട’; മാര്‍പാപ്പയെ കടന്നാക്രമിച്ച് ട്രംപ്

‘സഭയുടെ കാര്യം നോക്കിയാല്‍ മതി, രാഷ്ട്രീയക്കാരനാകേണ്ട’; മാര്‍പാപ്പയെ കടന്നാക്രമിച്ച് ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നീക്കത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയ ലിയോ പതിനാലാമന്‍...

മാലിന്യക്കൂമ്പാരത്തിനിടയിൽ തിളങ്ങിയത് രണ്ട് പവൻ സ്വർണം! ആ സത്യസന്ധതയ്ക്ക് മുന്നിൽ നാട് കൈയ്യടിക്കുന്നു

മാലിന്യക്കൂമ്പാരത്തിനിടയിൽ തിളങ്ങിയത് രണ്ട് പവൻ സ്വർണം! ആ സത്യസന്ധതയ്ക്ക് മുന്നിൽ നാട് കൈയ്യടിക്കുന്നു

ചുട്ടുപൊള്ളുന്ന വെയിലും കോരിച്ചൊരിയുന്ന മഴയും വകവെക്കാതെ നമ്മുടെ വീടുകളിൽ എത്തി മാലിന്യം...