കേരളത്തിൽ നിന്നു നഴ്സുമാരുടെ റിക്രൂട്ട്മെന്റ്: ജർമനിയുമായി ധാരണാപത്രം ഒപ്പുവച്ചു

Dec 3, 2021

തിരുവനന്തപുരം: കേരളത്തിൽനിന്നു ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച ട്രിപ്പിൾ വിൻ പദ്ധതിക്കു ധാരണയായി. മുഖ്യന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിക്കുവേണ്ടി കോൺസിൽ ജനറൽ അച്ചിം ബുർക്കാട്ടും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

രാജ്യത്ത് ആദ്യമായാണു സർക്കാർതലത്തിൽ ജർമനിയിലേക്കു റിക്രൂട്ട്മെന്റിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നതെന്നു ധാരണാപത്രം ഒപ്പുവച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നഴ്സിങ് മേഖലയ്ക്കു പുറമേ ഹോസ്പിറ്റാലിറ്റിയടക്കം മറ്റു മേഖലകളിലേക്കും ഭാവിയിൽ വലിയ സാധ്യതകൾ തുറക്കുന്നതാകും ട്രിപ്പിൾ വിൻ പദ്ധതി. ജർമനിക്കൊപ്പം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും പദ്ധതി വഴിതുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജർമനിയിലേക്കു പോകാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ഭാഷാ പ്രാവീണ്യത്തിനു കേരളത്തിൽത്തന്നെ സൗജന്യമായി സൗകര്യം ഒരുക്കുന്നതും ട്രിപ്പിൾ വിൻ പദ്ധതിയുടെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. ജർമൻ ഭാഷയിൽ ബി2 ലെവൽ യോഗ്യതയാണു നഴ്സായി ജോലി ചെയ്യാൻ വേണ്ടത്. നോർക്ക മുഖേന റിക്രൂട്ട് ചെയ്യപ്പെടുന്നവർക്കു ബി1 യോഗ്യത നേടി ജർമനിയിൽ എത്തിയ ശേഷം ബി2 യോഗ്യത കൈവരിച്ചാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളവുമായുള്ള ധാരണാപത്രം ഒപ്പുവച്ചതു ചരിത്രപരമായ നടപടിയാണെന്നു കോൺസിൽ ജനറൽ അച്ചിം ബുർക്കാട്ട് പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി 2022 ഓടെ ആദ്യ ബാച്ച് നഴ്സുമാർക്കു ജർമനിയിലേക്ക് എത്താനാകുമെന്നാണു പ്രതീക്ഷ. സാങ്കേതിക വൈദഗ്ധ്യത്തിലും മാനവവിഭവ ശേഷിയിലും ഇന്ത്യയിലെ ആരോഗ്യമേഖല ഏറെ മുൻപന്തിയിലാണ്. ഇതിൽത്തന്നെ മികവും അർപ്പണബോധവും പുലർത്തുന്നവരാണു കേരളത്തിലെ നഴ്സുമാർ. ഇവർക്കു ജർമനിയിൽ വിപുലമായ സാധ്യതകളാണുള്ളത്. കഴിയുന്നത്ര നഴ്സുമാരെ ജർമനിയിലേക്കു റിക്രൂട്ട്ചെയ്യാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനു പുറമേ ജർമൻ എംബസിയിലെ സോഷ്യൽ ആന്റ് ലേബർ അഫേയഴ്‌സ് വകുപ്പിലെ കോൺസുലർ തിമോത്തി ഫെൽഡർ റൗസറ്റി, ജർമൻ ഹോണററി കോൺസൽ സയ്ദ് ഇബ്രാഹിം, ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി(വിദേശകാര്യം) വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ അജിത്ത് കോളശേരി തുടങ്ങിയവരും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുത്തു.

LATEST NEWS
മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത്...