ദുബൈ: യു എ ഇയിലെ ആരോഗ്യമേഖലയിൽ ജോലി അന്വേഷിക്കുന്നവരും തൊഴിൽ ചെയ്ത് വരുന്നവരും നേരിടുന്ന പ്രധാന പ്രശ്നം ലൈസൻസ് ആണ്. വിവിധ എമിറേറ്റുകളിൽ ജോലി ചെയ്യണമെങ്കിൽ പ്രത്യേകം ആരോഗ്യ ലൈസൻസ് എടുക്കേണ്ടി വരും. ഇത് കൊണ്ട് തന്നെ എമിറേറ്റുകളിൽ ജോലിക്കു ശ്രമിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. എന്നാൽ ഈ പ്രശ്നത്തിന് യു എ ഇ അധികൃതർ പരിഹാരം കണ്ടെത്തി എന്നാണ് റിപ്പോർട്ടുകൾ.
2026 മുതൽ രാജ്യത്ത് ഏകീകൃത ആരോഗ്യ ലൈസൻസിങ് പ്ലാറ്റ്‌ഫോം ആരംഭിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. യു എ ഇ ആരോഗ്യ മന്ത്രാലയം വിവിധ എമിറേറ്റുകളുമായി സഹകരിച്ചാണ് ഡിജിറ്റൽ സംവിധാനം നടപ്പാക്കുക. ഇത് വഴി രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ദുബൈ ഹെൽത്ത് അതോറിറ്റിയും അബുദാബി ഹെൽത്ത് അതോറിറ്റിയും അവരുടെ എമിറേറ്റുകളിൽ ജോലി ചെയ്യണമെങ്കിൽ പ്രത്യേകം ലൈസൻസുകൾ ആവശ്യമാണ്. ഇതിനായി വ്യത്യസ്തമായ നിയമങ്ങളും മാനദണ്ഡങ്ങളും പരീക്ഷകളുമാണ് അവർ നടത്തുന്നത്.
ഇനി മുതൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് ഒരു അപേക്ഷയിലൂടെ തന്നെ യു എ ഇയിലുടനീളം പ്രവർത്തിക്കാനുള്ള ലൈസൻസ് നേടാൻ കഴിയും. അത് കൊണ്ട് തന്നെ ദുബൈയിൽ ജോലി കണ്ടെത്താനായില്ലെങ്കിൽ പരീക്ഷ ഒന്നും എഴുതാതെ തന്നെ അബുദാബിയും ജോലിക്കായി ശ്രമിക്കാൻ സാധിക്കും.
പുതിയ സംവിധാനം ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ടെക്നീഷ്യൻമാർ തുടങ്ങി എല്ലാ ആരോഗ്യപ്രവർത്തകർക്കും ഒരു പോലെ പ്രയോജനപ്പെടും.പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം പദ്ധതിയുടെ ഡിസൈൻ ഘട്ടം പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2026 ന്റെ ആദ്യം തന്നെ പ്രവർത്തനം ആരംഭിക്കുന്ന രീതിയിലാണ് നിലവിൽ പദ്ധതി പുരോഗമിക്കുന്നത്. പ്രതിവർഷം 200,000ത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് ഇത് പ്രയോജനമാകും എന്നാണ് വിലയിരുത്തൽ.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് ലൈസൻസിങ് നടപടികൾ വേഗത്തിലേക്കുള്ള നടപടികളും പുതിയ സംവിധാനത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.