നാവായിക്കുളത്ത് ബൈക്ക് അപകടം; രണ്ട് മരണം, ഒരാൾക്ക് പരിക്ക്

Oct 21, 2021

കല്ലമ്പലം: നാവായിക്കുളം ഇരുപത്തിയെട്ടാംമൈൽ പള്ളിക്കൽ റോഡിലുണ്ടായ ബൈക്ക് അപകടത്തിൽ എസ്എഫ്ഐ നാവായിക്കുളം മേഖലാ സെക്രട്ടറിയും കാൽനടയാത്രികനും മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രികനായ പൈവേലിക്കോണം കൃഷ്ണകൃപയിൽ ഉമേഷ് കൃഷ്ണ (21), കല്ലമ്പലത്തെ ടെക്സ്റ്റൈൽസ് ജീവനക്കാരൻ പൈവേലിക്കോണം രമ മന്ദിരത്തിൽ സുരേഷ് (69) എന്നിവരാണ് മരിച്ചത്. ഉമേഷിനൊപ്പമുണ്ടായിരുന്ന അനുപി(20)നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധൻ രാത്രി 8.45നാണ് അപകടം. ഒരു വിവാഹത്തിൽ പങ്കെടുത്ത് ബൈക്കിൽ മടങ്ങുകയായിരുന്നു ഉമേഷ് കൃഷ്ണയും അനൂപും. കനത്ത മഴയിൽ ബൈക്കിന്റെ നിയന്ത്രണംവിട്ട് സുരേഷിനെ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചുവീണ ഉമേഷിനെയും സുരേഷിനെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ. പള്ളിക്കൽ യുഐടിയിൽ അവസാനവർഷ ബിരുദവിദ്യാർഥിയാണ് ഉമേഷ് കൃഷ്ണ. അച്ഛൻ ഉണ്ണിക്കൃഷ്ണൻ. അമ്മ: മിനി. സഹോദരി. ഉമ ഗിരിജയാണ് മരിച്ച സുരേഷിന്റെ ഭാര്യ. മക്കൾ: ശാലിനി, അമിത.

LATEST NEWS