മാസം തികയാതെയുള്ള ജനനം; കുഞ്ഞുപോരാളികൾക്ക് ഒക്യുപേഷണൽ തെറാപ്പി

Nov 19, 2024

ആറ്റുനോറ്റു കാത്തിരുന്ന കൺമണി അൽപം നേരത്തെ പിറവിയെടുത്താൽ മാതാപിതാക്കൾക്ക് സന്തോഷത്തോടൊപ്പം ആശങ്കയും നിറയും. മാസം തികയാതെ പിറക്കുന്ന കുരുന്നുകൾ ജന്മനാ തന്നെ പോരാളികളാണ്. അമ്മയുടെ ഗർഭപാത്രത്തിലെ സുരക്ഷിതത്വത്തിൽ നിന്ന് നേരത്തെ പുറത്തിറങ്ങുന്നതു കൊണ്ടുതന്നെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ചെറിയ വെല്ലുവിളികളല്ല അവ‌ർ നേരിടേണ്ടത്. 37 മുതൽ 40 ആഴ്ച വരെയുള്ളതാണ് സാധാരണ ഗർഭകാലം. 37 ആഴ്ചയ്ക്ക് മുമ്പ് പിറക്കുന്നവരാണ് പ്രീടേം (പ്രീമെച്വർ) ബേബീസ് അഥവാ മാസം തികയാതെ പിറന്ന കുഞ്ഞുങ്ങൾ എന്ന് അറിയപ്പെടുന്നത്.

നേരത്തെ എത്തുന്നതുകൊണ്ടു തന്നെ ഇവ‌‌ർക്ക് വലിപ്പവും ശരീരഭാരവും കുറവായിരിക്കാം. ശരീരോഷ്മാവ് നിയന്ത്രിക്കുന്നത് മുതൽ കാഴ്ച, കേൾവി, പാൽ കുടിക്കൽ, അങ്ങനെ മൊത്തത്തിലുള്ള വള‌ർച്ചയ്ക്ക് പലതരം വെല്ലുവിളികൾ ഈ ഇളംപൈതലുകൾ നേരിടേണ്ടി വരും.

പ്രീമെച്വ‌ർ കുഞ്ഞുങ്ങൾ പലവിധം

ഗ‌ർഭാവസ്ഥയുടെ പ്രായമനുസരിച്ച് നേരത്തെയുള്ള പ്രസവത്തെയും കുഞ്ഞുങ്ങളെും നാലായി തരംതിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലെയും കുഞ്ഞുങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കനുസരിച്ചുള്ള സംരക്ഷണവും കരുതലും അവർക്കാവശ്യമാണ്.

34 മുതൽ 36 വരെയുള്ള ആഴ്ച – പ്രീമെച്വർ കുഞ്ഞുങ്ങളിൽ ഏറെയും ഈ വിഭാഗത്തിൽപ്പെടുന്നവരാണ്. ഇവ‌ർക്ക് പ്രായമെത്തിയ കുഞ്ഞുങ്ങളുടെ അതേ വലിപ്പം തന്നെയുണ്ടാകുമെങ്കിലും പാൽ വലിച്ചു കുടിക്കുന്നതിലും ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിലും ബുദ്ധിമുട്ട് നേരിടാം. കൂടാതെ, ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാകാനും സാദ്ധ്യത കൂടുതലാണ്. മറ്റു പ്രീമെച്വർ കുഞ്ഞുങ്ങളേക്കാൾ ആരോഗ്യവാന്മാരാണെങ്കിലും ഇവർക്കും വളരെ അടുത്ത നിരീക്ഷണവും പ്രത്യേക കരുതലും ആവശ്യമാണ്.

32 മുതൽ 34 വരെയുള്ള ആഴ്ച – ആരോഗ്യപരമായ സങ്കീർണതകൾക്ക് സാദ്ധ്യത കൂടിയ കൂട്ടത്തിലാണ് ഈ വിഭാഗത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ. ശ്വാസമെടുക്കുക, ശരീരോഷ്മാവ് നിയന്ത്രിക്കുക, പാൽ കുടിക്കുക എന്നീ കാര്യങ്ങൾക്കൊക്കെ ഇവർക്ക് സഹായം ആവശ്യം വരും. ഈ വിഭാഗത്തിലെ മിക്ക കുഞ്ഞുങ്ങളും ശരിയായ സംരക്ഷണത്തിലൂടെ സാധാരണ ജീവിതം നയിക്കാറുണ്ട്. എങ്കിലും ജീവിതത്തിന്റെ പ്രാരംഭകാലത്ത് ആരോഗ്യപരമായും വളർച്ചാപരമായും പല വെല്ലുവിളികളും ഇവർ നേരിടാറുണ്ട്.

32 ആഴ്ചയ്ക്ക് മുമ്പ് ജനിച്ചവർ – നിശ്ചയിച്ചതിലും വളരെ നേരത്തെ ജനിക്കുന്നവരാണ് ഈ കുഞ്ഞുങ്ങൾ. വളർച്ചയെത്തായ്മയുടെ പല പ്രശ്നങ്ങളും ഇവർ അനുഭവിക്കേണ്ടി വരും. അവരുടെ ശ്വാസകോശങ്ങൾ, മസ്തിഷ്കം, ദഹന വ്യവസ്ഥ തുടങ്ങിയവയിൽ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾ ഇവർ നേരിടാറുണ്ട്. ഈ വിഭാഗത്തിന് തീവ്രപരിചരണം ആവശ്യമാണ്.

25 ആഴ്ചയ്ക്ക് മുമ്പ് ജനിച്ചവർ – ഈ വിഭാഗത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ഗൗരവതരമായ സങ്കീർണതകൾ നേരിടേണ്ടി വരാറുണ്ട്. ശരീരത്തിലെ ജീവധാരണമായ പല അവയവങ്ങളും മുഴുവനായി രൂപീകരിക്കപ്പെടുന്നതിനും മുമ്പ് ജനിക്കുന്നവരാണ് ഇക്കൂട്ട‌ർ. ആധുനിക ചികിത്സാശാസ്ത്രത്തിന്റെ വളർച്ച കൊണ്ട് അതിജീവന നിരക്ക് വളരെ കൂടിയിട്ടുണ്ടെങ്കിലും ഈ വിഭാഗത്തിൽ പെട്ട കുഞ്ഞുങ്ങൾ വളരെ കാലത്തേക്ക് ആരോഗ്യപരമായും വളർച്ചാപരമായുമുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്.

പ്രീമെച്വർ പ്രസവത്തിലേക്ക് അമ്മയെ നയിക്കുന്ന ഘടകങ്ങൾ

രണ്ടോ മൂന്നോ അധിലധികമോ കുഞ്ഞുങ്ങളെ പ്രതീക്ഷിക്കുന്നവർ

17 വയസിന് താഴെയോ 35 വയസിന് മേലെയോ പ്രായമുള്ളവ‌ർ

പ്രീടേം പ്രസവം നേരത്തെ നടന്നവരോ അത്തരം പ്രസവം നടന്ന കുടുംബ പാരമ്പര്യമോ ഉള്ളവ‌ർ

ഗർഭിണി ആയിരിക്കെ പുകവലി, മദ്യപാനം, മറ്റു ലഹരികളുടെ ഉപയോഗം

വള‌ർച്ചാ പാറ്റേണും ട്രാക്കിങ്ങും

ഈ കുഞ്ഞുങ്ങൾ മറ്റുള്ള കുഞ്ഞുങ്ങൾക്കൊപ്പം എപ്പോഴെത്തുമെന്ന ആശങ്ക പലപ്പോഴും മാതാപിതാക്കൾക്കുണ്ടാകും. വള‌ർച്ചയിലും ബുദ്ധിവികാസത്തിലും ഓരോ കുഞ്ഞും വ്യത്യസ്തരാണ്. പൂർണ്ണാവസ്ഥയിൽ ജനിച്ചാലും നേരത്തെ പിറന്നാലും ഓരോ കുഞ്ഞുങ്ങളും അവരുടേതായ സമയമെടുത്താണ് വളർച്ചാഘട്ടം പൂർത്തീകരിക്കുക. എങ്കിലും ഗർഭകാലഘട്ടം പ്രത്യേകരീതിയിൽ കണക്കാക്കി ഇത്തരം കുഞ്ഞുങ്ങളുടെ വളർച്ചാ നാഴികക്കല്ലുകൾ ഈ രംഗത്തെ വിദഗ്ദ്ധർ പിന്തുടരാറുണ്ട്.

കുഞ്ഞുങ്ങൾക്ക് പരിലാളനയുടെയും പിന്തുണയുടെയും അന്തരീക്ഷം സൃഷ്‌ടിച്ചും അവരെ സൗമ്യമായി വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തിയും അവരുടെ ആരോഗ്യപരിപാലനത്തിന് ഡോക്ടർമാരുടെ അപ്പോയിന്റ്മെന്റുകളിൽ വിട്ടുവീഴ്ച ചെയ്യാതെയും ജാഗ്രത പാലിച്ച് മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞിനെ ആരോഗ്യവാന്മാരായി വളർത്തിയെടുക്കാം. നിയോനാറ്റൽ ഇൻ്റൻസീവ് കെയർ യൂണിറ്റിൽ (NICU) മാത്രമല്ല, വീട്ടിലെ ആദ്യകാല വളർച്ചാസമയത്തും മാസം തികയാത്ത കുഞ്ഞുങ്ങളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിൽ ഒക്യുപേഷണൽ തെറാപ്പി (OT) നിർണായക പങ്ക് വഹിക്കുന്നു.

ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ചെയ്യുന്നത്

കുഞ്ഞിനെ പിടിക്കുന്നതും കൈകാര്യം ചെയ്യുന്നതും: കുഞ്ഞുങ്ങളുടെ ജോയിന്റ് അലൈൻമെന്റിനെ പിന്തുണയ്ക്കാനും വൈകല്യങ്ങൾ ഉണ്ടാകാതെ തടയാനും ശ്വസനം മെച്ചപ്പെടുത്താനും കുഞ്ഞിനെ ശരിയായ രീതിയിൽ പിടിക്കാൻ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് സഹായിക്കുന്നു. ഒക്യുപേഷണൽ തെറാപ്പിസ്റ്റ് പറഞ്ഞു തരുന്ന, മൃദുവായി കൈകാര്യം ചെയ്യുന്ന രീതികൾ കുഞ്ഞുങ്ങളിൽ സ്വയം സാന്ത്വനിപ്പിക്കൽ സ്വഭാവങ്ങൾ വളർത്താനും തങ്ങളുടെ ശരീരത്തെക്കുറിച്ച് അവബോധമുണ്ടാക്കാനും സഹായിക്കും.

മുലയൂട്ടുന്നതിനുള്ള പിന്തുണ: ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അമ്മയുടെയും കുഞ്ഞിന്റെ ഓറൽ മോട്ടോ‌ർ കഴിവ് വർധിപ്പിക്കാൻ സഹായിക്കുന്നു. പാൽ വലിച്ചെടുക്കാനും മാത്രം കരുത്തില്ലാതെയോ അത് വിഴുങ്ങാതെയോ പാൽ കുടിക്കുമ്പോൾ ശ്വസനക്രിയ ഏകോപിപ്പിക്കാനറിയാതെയോ ബുദ്ധിമുട്ടുന്ന ഇത്തരം കുഞ്ഞുങ്ങളെ ഇത് സഹായിക്കും. അതുപോലെതന്നെ അമ്മയുടെയും കുഞ്ഞിന്റെയും ഫീഡിംഗ് പൊസിഷൻ നേരെയാക്കാനും സഹായിക്കുന്നു.

സെൻസറി റെഗുലേഷൻ : പലപ്പോഴും പൂർണ വളർച്ചയെത്താതെ ജനിച്ച കുഞ്ഞുങ്ങളുടെ സെൻസറി സിസ്റ്റവും പൂർണമായി വികസിച്ചിട്ടുണ്ടാവില്ല. ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ തെളിച്ചമുള്ള ലൈറ്റുകളും ഉച്ചത്തിലുള്ള ശബ്ദങ്ങളും പോലുള്ളവ കുറച്ച് എൻഐസിയു പരിതസ്ഥിതിയുമായി സാമ്യമുള്ള ശാന്തതയും ഗർഭപാത്രത്തിന് സമാനമായ ക്രമീകരണവും സൃഷ്ടിച്ച് കുഞ്ഞുങ്ങളുടെ സെൻസറി റെഗുലേഷനെ സഹായിക്കുന്നു. എൻ.ഐ.സി.യുവിലും വീട്ടിലും കുഞ്ഞിന് സുഖകരവും ഇന്ദ്രിയ വികാസം പ്രോത്സാഹിപ്പിക്കുന്നതുമായ മൃദുസ്പർശനം, സ്വാഡ്ലിംഗ്, ഉചിതമായ സ്റ്റിമുലേഷൻ എന്നിവ നൽകാൻ സഹായിക്കുന്നു.

മോട്ടോർ വികസനം: മാസം തികയാത്ത ശിശുക്കൾക്ക് മോട്ടോർ കഴിവുകൾ വൈകാനുള്ള സാധ്യത കൂടുതലാണ്. ചലനം, എത്തിവലിയുക, പിടിക്കുക, തുടങ്ങി കുഞ്ഞിന്റെ മോട്ടോർ കഴിവുകൾ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് വിലയിരുത്തുകയും പ്രായത്തിന് അനുയോജ്യമായ പ്രവർത്തനങ്ങളാൽ അവയെ പ്രോത്സാഹിപ്പിച്ച് വളർത്തിയെടുക്കുകയും ചെയ്യുന്നു.

ഉണക്കമുന്തിരി കുതിർത്തത്, ഗുല്‍ക്കന്ദ്, പെരുംജീരകം; അസിഡിറ്റിക്ക് ഉടനടി പരിഹാരം

രക്ഷിതാക്കളെ ബോധവത്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു : കുഞ്ഞുങ്ങളെ പിടിക്കുക, സൂക്ഷിച്ച് കൈകാര്യം ചെയ്യുക, അവരുടെ വളർച്ചയ്ക്കും വികസനത്തിനുമുള്ള പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുക എന്നിവയിലൂടെ മാതാപിതാക്കളെ ബോധവത്ക്കുന്നതിനൊപ്പം കുട്ടിയുടെ വളർച്ചയുടെ ഓരോ നാഴികകല്ലുകളും അവ ട്രാക്ക് ചെയ്യേണ്ടതിന്റെ പ്രാധാന്യം, കുഞ്ഞുങ്ങളുമായി ബന്ധം വളർത്തിയെടുക്കേണ്ടതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുക എന്നിവയും ഒക്യുപേഷണൽ തെറാപ്പിസ്റ്റ് നിർവഹിക്കുന്നു. മാതാപിതാക്കളുടെ ആത്മവിശ്വാസം വളർത്തുന്നതിലൂടെ കുഞ്ഞുങ്ങളുടെ വളർച്ച ഫലപ്രദമാക്കുന്നതിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റിന്റെ പങ്ക് വളരെ വലുതാണ്.

LATEST NEWS