ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 102 ഡോളറിലേക്ക് ആണ് താഴ്ന്നത്. അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നിര്‍ണായകമാണ്. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടാല്‍ യുഎസ് കോണ്‍ഗ്രസില്‍ ട്രംപിന് മേല്‍ക്കൈ നഷ്ടപ്പെടാന്‍ ഇടയാക്കും. അതിനാല്‍ തെരഞ്ഞെടുപ്പ് ഫലമാണ് പ്രധാനമായി നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം ഇറാനുമായുള്ള അമേരിക്കയുടെ സമാധാന ചര്‍ച്ചകളെ ഏത് തരത്തില്‍ ബാധിക്കുമെന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാകുമോ എന്ന് വിപണികള്‍ ഉറ്റുനോക്കുകയാണ്. അതിനിടെ തെരഞ്ഞെടുപ്പിന് ശേഷം ആക്രമണങ്ങള്‍ കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ ഖത്തര്‍ മധ്യസ്ഥശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലെത്തുന്നതില്‍ നിന്ന് ഇരുപക്ഷവും ഇപ്പോഴും വളരെ അകലെയാണെന്നാണ് ഇറാന് അധികൃതര്‍ പറയുന്നത്. ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കയ്ക്ക് നിലവില്‍ പദ്ധതികളൊന്നുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.



















