2024 പാരിസ് ഒളിംപിക്‌സിനു വിസ്മയത്തുടക്കം

Jul 27, 2024

പാരിസ്: ഭാവിയുടെ കുഞ്ഞു കരങ്ങള്‍ ഏന്തിയ ദീപ ശിഖ സെന്‍ നദിയിലൂടെ ഒഴുകി. തൊട്ടു പിന്നാലെ വിവിധ രാജ്യങ്ങളുടെ താരങ്ങള്‍ ബോട്ടുകളില്‍ നദിയിലൂടെ കടന്നു വന്നു. 2024 പാരിസ് ഒളിംപിക്‌സിനു വിസ്മയത്തുടക്കം.

ലോകം ഇതുവരെ കാണാത്ത വിധത്തിലുള്ള ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍. ഇതാദ്യമായി ഉദ്ഘാടന ചടങ്ങുകള്‍ നദിയില്‍ അരങ്ങേറി. ട്രോകാഡെറോയുടെ പൂന്തോട്ടമായ സെന്നിന്‍റെ തീരത്ത് ഒളിംപിക്സിന്‍റെ മറ്റൊരു അധ്യായത്തിനു മഴവില്‍ അഴകില്‍ ആരംഭം.

ചരിത്രത്തിലെ ആദ്യ ഒളിംപിക്‌സ് അരങ്ങേറിയ ഗ്രീസിലെ മണ്ണില്‍ നിന്നു എത്തിയ പിന്‍മുറക്കാരായ താരങ്ങളാണ് ആദ്യം നദിയിലേക്ക് ബോട്ടില്‍ വന്നത്. പിന്നാലെ അഭയാര്‍ഥികളുടെ ഒളിംപിക്‌സ് പതാകയ്ക്ക് കീഴിലുള്ള ടീമും അഫ്ഗാനിസ്ഥാനും അല്‍ബേനിയയും അള്‍ജീരിയയും നിരനിരയായി നദിയിലേക്ക് ബോട്ടുകളിലെത്തി. മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യ 84മതായാണ് എത്തുക. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഈഫല്‍ ടവര്‍ ഒളിംപിക്സിലെ അഞ്ച് വളയങ്ങളാല്‍ അലങ്കരിച്ചിരുന്നു. ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തില്‍ നിന്ന് മാറി പാരീസിന്റെ ഹൃദയ ഭാഗത്തു കൂടി ഒഴുകുന്ന സെന്‍ സെന്‍ നദിയിലാണ് മൂന്ന് മണിക്കൂറോളം നീളുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. ഫ്രഞ്ച് നാടക സംവിധായകനും നടനുമായ തോമസ് ജോളിയാണ് ചടങ്ങുകളുടെ മേല്‍നോട്ടം വഹിക്കുന്നത്.

LATEST NEWS