വീണ്ടും വിസ്മയം തീര്‍ത്ത് സിമോണ്‍ ബൈല്‍സ്; ആറാം ഒളിംപിക്‌സ് സ്വര്‍ണം, റെക്കോര്‍ഡ്

Aug 2, 2024

കരിയറിലെ ആറാം ഒളിംപിക്‌സ് സ്വര്‍ണം സ്വന്തമാക്കി അമേരിക്കയുടെ ഇതിഹാസ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സ്. വനിതകളുടെ ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സ് ഓള്‍ റൗണ്ട് വിഭാഗത്തിലാണ് താരത്തിന്റെ സ്വര്‍ണം. 59.131 പോയിന്റുകള്‍ നേടിയാണ് ബൈല്‍സിന്റെ സുവര്‍ണ നേട്ടം.

ബ്രസീല്‍ താരം റെബേക്ക അന്‍ഡ്രെയ്ഡിനെ പിന്തള്ളിയാണ് ബൈല്‍സ് നേട്ടത്തിലെത്തിയത്. രണ്ട് പോയിന്റ് വ്യത്യാസമാണ് ഇരുവരും തമ്മില്‍. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 27കാരി പാരിസില്‍ വീണ്ടും വിസ്മയങ്ങള്‍ തീര്‍ക്കുന്നത്.പാരിസില്‍ താരം നേടുന്ന രണ്ടാമത്തെ ജിംനാസ്റ്റിക്‌സ് സ്വര്‍ണമാണിത്. നേരത്തെ ഇതേ ഇനത്തില്‍ ടീം പോരാട്ടത്തിലാണ് ഇത്തവണ ആദ്യ സ്വര്‍ണം ബൈല്‍സ് സ്വന്തമാക്കിയത്. ആകെ ഒളിംപിക്‌സ് മെഡലുകളുടെ എണ്ണം ഒന്‍പതാക്കിയും താരം ഉയര്‍ത്തി. ആറ് സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലം.

എട്ട് വര്‍ഷം മുന്‍പ് റിയോ ഒളിംപിക്‌സിലാണ് താരം ആദ്യമായി ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സ് ഓള്‍ റൗണ്ട് വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ ടോക്യോ ഒളിംപിക്‌സില്‍ താരം മത്സരിച്ചിരുന്നില്ല. മാനസിക സമ്മര്‍ദ്ദം കാരണം മത്സരിക്കാന്‍ സാധിക്കുന്നില്ലെന്നു വ്യക്തമാക്കിയുള്ള താരത്തിന്റെ പിന്‍മാറ്റം കായിക ലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതിന്റെയെല്ലാം കുറവ് നികത്തിയാണ് ബൈല്‍സിന്റെ മുന്നേറ്റം.ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സ് ഓള്‍ റൗണ്ട് വിഭാഗത്തില്‍ രണ്ട് തവണ ഒളിംപിക്‌സ് സ്വര്‍ണം നേടുന്ന മൂന്നാമത്തെ മാത്രം താരമായും ഇതോടെ ബൈല്‍സ് മാറി. നേരത്തെ സോവിയറ്റ് യൂണിയന്റെ ലാറിസ ലാറ്റിനിന (1956, 60), ചെക്കോസ്ലോവാക്യയുടെ വേര കസ്‌ലാവ്‌സ്‌ക (1964, 68) എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയവര്‍.

LATEST NEWS
കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ് അഖിലേന്ത്യാ വർക്കിങ്ങ് കമ്മിറ്റിയംഗവുമായിരുന്ന കെ. കരുണാകരൻ്റെ...