മസ്കത്ത്: ഒമാനിലെ ലോജിസ്റ്റിക്സ് തസ്തികകളിൽ ജോലി ചെയ്യുവർക്ക് ഇനി മുതൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധമായും വേണമെന്ന് തൊഴിൽ മന്ത്രാലയം. ഭക്ഷ്യ വിതരണ തൊഴിലാളികൾ മുതൽ ചരക്ക് നീക്കത്തിന് സഹായിക്കുന്ന ഡ്രൈവർമാർക്ക് വരെ ലൈസൻസ് ആവശ്യമാണ്.
2025 സെപ്റ്റംബർ 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. വർക്ക് പെർമിറ്റുകൾ പുതുക്കുമ്പോൾ ഈ ലൈസൻസ് നിർബന്ധമായും രേഖകൾക്കൊപ്പം സമർപ്പിക്കണം. ഇല്ലെങ്കിൽ പെർമിറ്റ് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിദേശികൾക്കും സ്വദേശികൾക്കും നിയമം ബാധകമാണ്. ഇനി ഇതേ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളും പ്രൊഫഷണൽ ലൈസൻസ് എടുത്തിരിക്കണം എന്നും അധികൃതർ അറിയിച്ചു. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും, തൊഴിലാളികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും,തൊഴിലാളികൾക്ക് സർക്കാർ അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി കഴിവുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികളെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
https://lssu.ola.om/sign-up എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ലൈസൻസ് നേടാനുള്ള അപേക്ഷ സമർപ്പിക്കാം.
പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കിയ തസ്തികകൾ ചുവടെ ചേർക്കുന്നു.
1.റെഫ്രിജറേറ്റഡ് ട്രക്ക് ഡ്രൈവർ (ട്രാക്ടർ – ട്രെയ്ലർ )
2.വാട്ടർ ടാങ്കർ ഡ്രൈവർ (ട്രാക്ടർ – ട്രെയ്ലർ )
3.ട്രാക്ടർ ഹെഡ് ഡ്രൈവർ (ട്രെയ്ലർ )
4. വേസ്റ്റ് ട്രാൻസ്‌പോർട്ട് ട്രക്ക് ഡ്രൈവർ
5.ഫുഡ് ഡെലിവറി റെപ്രെസെന്ററ്റീവ്
6. ഫുഡ് ഡെലിവറി സൂപ്പർവൈസർ