എന്താണ് ഒമിക്രോൺ വകഭേദം?

Dec 2, 2021

രണ്ട് വര്‍ഷമാകുന്നു കൊറോണ വൈറസ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട്. വൈറസിന്റെ നിരവധി വകഭേദങ്ങള്‍, കോവിഡ് പ്രതിരോധത്തിനുള്ള നിരവധി വാക്‌സിനുകള്‍ എന്നിവ രംഗത്തെത്തിയ ഒരു വര്‍ഷമായിരുന്നു 2021. വാക്‌സിനേഷനെത്തുടര്‍ന്ന് കോവിഡ് കണക്കുകളില്‍ കുറവ് വന്നുതുടങ്ങുകയും ചെയ്തു. അതിനാല്‍ തന്നെ കോവിഡ് ഭീതി കുറഞ്ഞുവെന്ന് കരുതി ലോകം പഴയ അവസ്ഥയിലേക്ക് തിരികെയെത്താനുള്ള ഓട്ടത്തിലായിരുന്നു. ഇത്തരത്തില്‍, കോവിഡ് ഭീതി ഒഴിയുന്നു എന്ന് കരുതിയ സമയത്താണ് കൊറോണ വൈറസിന്റെ പുതിയൊരു വകഭേദത്തെ തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ഇന്ത്യയിലും ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു. കര്‍ണാടകയില്‍ രണ്ടുപേരിലാണ് ഒമിക്രോണ്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.

കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ വകഭേദം. ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം. ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം തിരിച്ചറിഞ്ഞത്. പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞതോടെ ഗ്രീക്ക് അക്ഷരമാലയിലെ 15 ാമത്തെ ഒമിക്രോണ്‍ എന്ന വാക്ക് പുതിയ വകഭേദത്തിന് നല്‍കുകയായിരുന്നു. 12 വകഭേദങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗ്രീക്ക് അക്ഷരമാലയിലെ 13,14 വാക്കുകള്‍ ചൈനയിലെ വ്യക്തികള്‍ക്ക് നല്‍കുന്ന പേരുകളെ സൂചിപ്പിക്കുന്നതായതിനാല്‍ ആ രണ്ട് വാക്കുകള്‍ ഒഴിവാക്കി അതിനുശേഷമുള്ള ഒമിക്രോണ്‍ എന്ന വാക്ക് ഏറ്റവും പുതിയ കൊറോണ വൈറസ് വകഭേദത്തിന് നല്‍കുകയായിരുന്നു.

നിലവിലെ കൊറോണ വൈറസ് വകഭേദങ്ങളെക്കാള്‍ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോണ്‍ എന്നാണ് കരുതപ്പെടുന്നത്. നിലവിലെ കോവിഡ് വാക്സിനുകളെ ഇവ മറികടന്നേക്കുമെന്നും ശാസ്ത്രലോകം ഭയപ്പെടുന്നു.

ലോകാരോഗ്യ സംഘടനയുടെ നിഗമനം അനുസരിച്ച് ആശങ്കപ്പെടേണ്ട വകഭേദങ്ങള്‍(Variants of concern) എന്ന വിഭാഗത്തിലാണ് ഒമിക്രോണ്‍ വകഭേദത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡെല്‍റ്റ വകഭേദത്തെയും ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഡെല്‍റ്റ വകഭേദവും വാക്‌സിനെടുത്തവരിലും രോഗമുണ്ടാക്കിയിരുന്നു. ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ എന്നാണിത് അറിയപ്പെടുന്നത്. ഇതേ സാധ്യതകള്‍ ഒമിക്രോണിനുമുണ്ട്. ഡെല്‍റ്റ വാക്‌സിനെടുത്തവരില്‍ ഗുരുതരാവസ്ഥയുണ്ടാക്കിയില്ല. അതിനാല്‍ തന്നെ ഒമിക്രോണിനെ ശാസ്ത്രലോകം സൂഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

LATEST NEWS
മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും

മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും

തൃശൂർ: മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ പിടികൂടുന്നതിനുള്ള കുങ്കിയാനയെ അതിരപ്പിള്ളിയില്‍ എത്തിച്ചു....