സംസ്ഥാന സഹകരണ വകുപ്പിനു കീഴിലുള്ള സഹകരണ സംഘങ്ങളിലെ പരിശോധനകള്‍ പൂര്‍ണമായും ഓണ്‍ലൈനാകുന്നു. ഇതിനുവേണ്ടി കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്‌ഷന്‍ മാനേജ്മെന്റ് ആപ്ലിക്കേഷന്‍ എന്ന സംവിധാനം തയാറായി. സഹകരണ മേഖലയിലെ പരിശോധനകള്‍, തത്സമയ നിരീക്ഷണം എന്നിവയ്ക്കായി ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെത്തന്നെ പ്രധാന സഹകരണ സംഘങ്ങളില്‍ ഒന്നായ കേരള ദിനേശ് ബീഡി വര്‍ക്കേഴ്‌സ് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഐടി യൂണിറ്റായ ദിനേശ് ഐടി സിസ്റ്റംസാണ് സംസ്ഥാന സഹകരണ വകുപ്പിനു വേണ്ടി കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്‌ഷന്‍ മാനേജ്മെന്റ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
ഉദ്യോഗസ്ഥര്‍ക്ക് സഹകരണ സംഘങ്ങളില്‍പ്പോയി പരിശോധന നടത്തുന്നതിനായുള്ള ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷനാണ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്‌ഷന്‍ മാനേജ്മെന്റ് ആപ്ലിക്കേഷന്‍. ഉദ്യോഗസ്ഥന്‍ സഹകരണ സംഘത്തിന്റെ 20 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രവേശിച്ചാല്‍ മാത്രമേ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാനും പരിശോധന നടത്താനും സാധിക്കൂ. ഇതിലൂടെ ഉദ്യോഗസ്ഥര്‍ സംഘങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തുന്നുവെന്ന് ഉറപ്പാക്കാനാകും.
അസിസ്റ്റന്റ് റജിസ്ട്രാര്‍ മുതല്‍ സഹകരണ സംഘം റജിസ്ട്രാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശോധനകള്‍ തത്സമയം നിരീക്ഷിക്കാനും വിലയിരുത്താനും തുടര്‍നടപടി സ്വീകരിക്കാനും സാധിക്കും. ഇന്‍സ്‌പെക്‌ഷന്‍ നടപടിക്രമങ്ങളുടെ കാലതാമസം പൂര്‍ണമായി ഒഴിവാക്കി പരിശോധനകള്‍ പൂര്‍ണമായി പേപ്പര്‍ രഹിതമാക്കി മാറ്റാനും കഴിയും.