അവിസ്മരണീയ ഗാനങ്ങളിലൂടെ മലയാളത്തെ ഭാവസാന്ദ്രമാക്കിയ പ്രിയകവി ഒഎന്‍വി കുറുപ്പ് ഓര്‍മ്മയായിട്ട് ഇന്നേക്ക് എട്ടുവര്‍ഷം. ആത്മാവിനെ തൊട്ടുണര്‍ത്തിയ കവിതയിലൂടെയും ഗാനങ്ങളിലൂടെയും മലയാളികളുടെ മനസില്‍ ഇടംപിടിച്ച കാവ്യസൂര്യന് ഇന്ന് സ്മരണാഞ്ജലി അര്‍പ്പിക്കുകയാണ് കേരളം.
പ്രകൃതിയും ഭൂമിയും സമരവും സ്വാതന്ത്ര്യവുമൊക്കെ നിറഞ്ഞുനിന്ന അസാധാരണമായ കാവ്യയാത്രയായിരുന്നു ഒഎന്‍വിയുടേത്. ഗാനവും കവിതയും തമ്മിലുള്ള അകലം ഇല്ലാതാക്കിയ ഒഎന്‍വി ഭാഷയെ കെടാതെ സൂക്ഷിക്കേണ്ട പ്രകാശനാളമായി കണ്ടു. മനുഷ്യരാശിയുടെ അതിജീവനത്തെപ്പറ്റിയുള്ള ആശങ്കകളും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അനന്യമായ ബന്ധവുമായിരുന്നു ഒഎന്‍വി കവിതകളുടെ കാതല്‍.

















