തിരുവനന്തപുരം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് ‘ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍’ ആരംഭിച്ചതായി ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു.എന്നിന്റെ ‘ഓറഞ്ച് ദ വേള്‍ഡ്’ തീം അടിസ്ഥാനമാക്കിയാണ് വകുപ്പ് പരിപാടികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 10 വരെ 16 ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
പരിഷ്‌കൃതരും വിദ്യാസമ്പന്നരെന്നും അഭിമാനിക്കുന്ന കേരള സമൂഹത്തിലും സ്ത്രീകള്‍ വിവിധതരം അതിക്രമങ്ങള്‍ക്ക് വിധേയമാകുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. പരിഷ്‌കൃത സമൂഹത്തിന് ഇത് അപമാനകരമാണ്. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഒരു പ്രധാന കാരണം സ്ത്രീധനമെന്ന അനാചാരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തുടച്ചുമാറ്റേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കടമയും ധര്‍മ്മവുമാണെന്നും മന്ത്രി വ്യക്തമാക്കി.
കാമ്പയിന്റെ ഭാഗമായി ജനപ്രതിനിധികള്‍, മതമേലധ്യക്ഷന്‍മാര്‍, റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ യൂണിയന്‍ നേതാക്കള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് എല്ലാ ജില്ലകളിലും വിവിധ പരിപാടികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
സ്ത്രീധന നിരോധനം, ഗാര്‍ഹിക പീഡന നിരോധനം, ശൈശവ വിവാഹം തടയല്‍, പൊതുയിടം എന്റേതും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഹാഷ് ടാഗ് കാമ്പയിന്‍ നടത്തും. അങ്കണവാടി പ്രവര്‍ത്തകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, എംഎസ്‌കെ, ഡി.ഡബ്ല്യു.സി.ഡി.ഒ., ഡബ്ല്യു.പി.ഒ., പി.ഒ., ഡി.സി.പി.ഒ. എന്നിവര്‍ മുഖേന പൊതുജനങ്ങള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഹാഷ് ടാഗ് കാമ്പയിന്‍ നടത്തുന്നത്.
സൈക്കിള്‍ റാലി, ഗാര്‍ഹിക പീഡന സ്ത്രീധന നിരോധന ദിനാചരണം, ഡെല്‍സയുമായി സഹകരിച്ച് അഭിഭാഷകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ച, വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ചുള്ള എഫ്എം റേഡിയോ കാമ്പയിന്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ചുവര്‍ ചിത്ര മത്സരം എന്നിവയും നടത്തും. ബ്ലോക്ക് തലത്തില്‍ സിഡിപിഒമാരുടെ നേതൃത്വത്തില്‍ എല്ലാ സൂപ്പര്‍വൈസര്‍മാരും അതത് പഞ്ചായത്ത് തലത്തില്‍, അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പോഷ് ആക്ട് പ്രകാരമുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തും. ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പുന:സംഘടിപ്പിച്ച ജില്ലാതല മോണിറ്ററിംഗ് സമിതികള്‍ യോഗം ചേരും.
മാര്‍ച്ച് 8 വരെ പൊതുയിടം എന്റേതും എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധയിടങ്ങളില്‍ രാത്രി നടത്തം സംഘടിപ്പിക്കും. ജില്ലാതലത്തില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ നേതൃത്വത്തിലും പഞ്ചായത്ത് തലത്തില്‍ സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തിലും സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി സഹകരിച്ചാണ് രാത്രി നടത്തം സംഘടിപ്പിക്കുന്നത്.
ഭരണഘടനാ ദിനാചരണം നാളെ