കല്ലമ്പലം: ശതാബ്‌ദി ആഘോഷിക്കുന്ന ഒറ്റൂർ പഞ്ചായത്തിലെ ശ്രീനാരായണപുരം ഗവ. യുപിഎസിലെ ശതാബ്ദി കവാടത്തിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്ക് 1.30 ന് കേരള സർവകലാശാല പ്രസിദ്ധീകരണ വിഭാഗം മുൻ ഡയറക്‌ടർ ഡോ.എ.റസ്സലുദീൻ നിർവ്വഹിക്കും.

പിടിഎ പ്രസിഡൻ്റ് ജി.എസ്.താരാമോൾ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രിയദർശിനി, മറ്റ് പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ, പൂർവ വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും.
ചരിത്ര സ്‌മരണകൾ ഉറങ്ങുന്ന സ്‌കൂൾ 100 വർഷം പൂർത്തിയാക്കുന്ന വേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ നടന്നു വരികയാണ്. പരിമിതികളിൽ വീർപ്പുമുട്ടിയിരുന്ന സ്‌കൂളിന് സൗകര്യങ്ങളോട് കൂടിയ പുതിയ ബഹുനില മന്ദിരത്തിൻ്റെ പണി അവസാന ഘട്ടത്തിലാണ്. ഇതിനായി ഒ.എസ്. അംബിക എംഎൽഎയുടെ ശ്രമഫലമായി ഒരു കോടി രൂപ അനുവദിച്ചിരുന്നു.

കൂടാതെ പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ബാക്കി ഫണ്ടും ഉൾപ്പെടുത്തിയാണ് നിർമാണം പുരോഗമിക്കുന്നത്. 1982 ൽ 6,7 ക്ലാസുകൾ ആരംഭിച്ചതോടെയാണ് യുപി സ്‌കൂളായി ഉയർന്നത്. ഇപ്പോൾ ഒന്നുമുതൽ 7 വരെയും പ്രീ പ്രൈമറി ക്ലാസും പ്രവർത്തിക്കുന്ന സ്‌കൂളിൽ 460 ഓളം കുട്ടികൾ പഠിക്കുന്നു. ഒറ്റൂരിനെ കൂടാതെ ചെറുന്നിയൂർ, ചെമ്മരുതി പഞ്ചായത്തുകളിലെ കുട്ടികളും ഇവിടെ പഠിക്കാൻ എത്തുന്നു. തികച്ചും ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളിൽ മികച്ച പഠന അന്തരീക്ഷരം ഒരുക്കുന്നതിൽ പിടിഎയും അധ്യാപകരും നാട്ടുകാരും മുന്തിയ പരിഗണനയാണ് നൽകുന്നത്.



















