തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ ആറുമാസത്തെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഇപ്പോള്‍ കുടിശികയാണ്. ഇതില്‍ രണ്ടുമാസത്തേത് കൊടുക്കാനാണ് തീരുമാനമായത്. ജനങ്ങളുടെ പ്രതിഷേധം അതോടെ കുറയുമെന്നാണു സംസ്ഥാന സമിതിയുടെ കണക്കുകൂട്ടല്‍.
അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാവുമെന്നിരിക്കെ, സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് സിപിഎം കടന്നതായാണ് സൂചന. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ഥി ചര്‍ച്ച നടക്കുമെന്നാണു റിപ്പോര്‍ട്ട്. ഈ മാസം 16നാണ് സിപിഎം സെക്രട്ടേറിയറ്റ് ചേരുക.
തെരഞ്ഞെടുപ്പില്‍ മികച്ച സാധ്യതയെന്നാണ് സംസ്ഥാന സമിതി വിലയിരുത്തുന്നത്. ഡല്‍ഹി സമരവും നവകേരള സദസ്സും എല്‍ഡിഎഫിന് മേല്‍ക്കൈ നല്‍കിയെന്നാണു നേതൃത്വത്തിന്റെ നിഗമനം. സിപിഎം15, സിപിഐ4, കേരള കോണ്‍ഗ്രസ് (എം)1 എന്നിങ്ങനെയാണ് എല്‍ഡിഎഫില്‍ മത്സരിക്കുന്ന കക്ഷികളും സീറ്റിന്റെ എണ്ണവും. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വന്ന കേരള കോണ്‍ഗ്രസിന് കഴിഞ്ഞ തവണ അവര്‍ യുഡിഎഫ് ടിക്കറ്റില്‍ ജയിച്ച കോട്ടയം ലഭിക്കും. സിപിഎമ്മും സിപിഐയും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍തന്നെ മത്സരിക്കും