‘പെരുമാതുറ കൂട്ടായ്മ’ പ്രതിഭകളെ ആദരിച്ചു

Oct 13, 2021

പെരുമാതുറ: വിവിധ മേഖലകളിൽ തിളങ്ങിയ പ്രതിഭകളെ ‘പെരുമാതുറ കൂട്ടായ്മ’ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. പെരുമാതുറ മുസ്ലിം ജമാഅത്ത് ഹാളിൽ നടന്ന പുരസ്‌കാര സമ്മേളനം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. പെരുമാതുറ കൂട്ടായ്മ പ്രസിഡന്റ്‌ ഷാജഹാൻ അയണിമൂട് അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.മുരളി മുഖ്യാതിഥിയായിരുന്നു.

കോവിഡ് കാലത്ത് അഞ്ച് മാസത്തിൽ അഞ്ചു പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഡോ. സലിൽ ഹസ്സൻ, ചിത്ര രചനയിലൂടെ ഇതേ പുരസ്‌കാരം ലഭിച്ച ഫർസാന ഫാറൂഖ്, ദേശീയതലത്തിൽ റാങ്ക് ജേതാക്കളായ ഹിബ പർവീൻ, ആഷ്‌ന മുഹ്സിൻ, ബിസ്മി നിസാർ അഹമ്മദ് എന്നിവരെ മന്ത്രി ആദരിച്ചു. ഷഹീർ സലിം പ്രതിഭകളെ പരിചയപ്പെടുത്തി. തുടർന്ന് പെരുമാതുറ മേഖലയിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് മന്ത്രി വിദ്യാഭ്യാസ അവാർഡ് നൽകി.

കൂട്ടായ്മയുടെ പഠനോപകരണ വിതരണം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.മുരളി നിർവഹിച്ചു. പെരുമാതുറ സ്കൂളിലേക്കുള്ള പഠനോപകരണം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ.സരിതയും, പ്രാദേശിക പ്രതിഭാകേന്ദ്രത്തിലേക്കുള്ള പഠനോപകരണം സെന്റർ ഇൻചാർജ് ഷഹന ടീച്ചറും ഏറ്റുവാങ്ങി.

ഐ.എൻ.എൽ ജില്ലാ സെക്രട്ടറി എം.ബഷറുള്ള, ഗാന്ധിയൻ എം.എം.ഉമ്മർ, കഠിനംകുളം ഗ്രാമപഞ്ചായത്തംഗം ബി.കബീർ, അഴൂർ ഗ്രാമപഞ്ചായത്തംഗം നെസിയ സുധീർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗം ഫാത്തിമ ശാക്കിർ, എ.ആർ. നൗഷാദ് എന്നിവർ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി നസീർ സിറാജുദ്ദീൻ സ്വാഗതവും എ.എം.ഇക്ബാൽ നന്ദിയും പറഞ്ഞു.

LATEST NEWS